Breaking

Friday, May 1, 2020

രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം: വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊറോണയുടെ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻസമ്പദ് വ്യവസ്ഥയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നതിന് ആശയങ്ങൾ തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റിസർവ്വ് ബാങ്ക് മുൻഗവർണർ രഘുറാം രാജനുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ച വിലയിരുത്തി ഒരാൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. സുധാമേനോൻ എന്നയാളാണ് ഈ കുറിപ്പ് പങ്കുവെച്ചത്. സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയൻ മൂല്യബോധവും, സോഷ്യലിസ്റ് ചിന്തയുടെ സ്വാധീനവും രാഹുൽഗാന്ധിയുടെ ചോദ്യങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു എന്ന് സുധാമേനോൻ പറയുന്നു. രാഹുൽ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യമെന്ന് ചർച്ചയിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് സുധാമേനോൻ പറയുന്നു. പ്രിയപ്പെട്ട രാഹുൽ ഗാന്ധി താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക... താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ടെന്ന് പറഞ്ഞാണ് സുധാമേനോൻ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ ബോധ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാമൂഹ്യ-സാംസ്കാരിക മൂലധനങ്ങളിൽ ഒന്ന് ആയിരുന്നു പപ്പു മോൻ നരേട്ടീവ്. രാഹുൽ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്ന പൊതുബോധം ചൗക്കിദാർ വേഴ്സസ് പപ്പുമോൻ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയിൽ ഉഴുതു മറിക്കുന്നതിൽ അവർ വിജയിച്ചു. ഇന്ന് രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേൽ, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേൾക്കേണ്ട ഒന്ന്. സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയൻ മൂല്യബോധവും, സോഷ്യലിസ്റ് ചിന്തയുടെ സ്വാധീനവും രാഹുൽഗാന്ധിയുടെ ചോദ്യങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. നിലനിൽക്കുന്ന നിയോലിബറൽ വ്യവസ്ഥ കൂടുതൽ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തിൽ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങൾ ആയിരുന്നു രഘു രാം രാജൻ പങ്കു വെച്ചത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീർണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളർന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുൽഗാന്ധിയുടെ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിർക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചർച്ച ചെയ്യുന്ന സംവാദത്തിൽ, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യം എന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം. There is an infrastructure of division and an infrastructure of hatred, and that poses a big problem എന്ന് സമകാലിക ഇന്ത്യയെ രാഹുൽഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോൾ, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു പൊതുനന്മ ആണെന്ന് രഘുറാം രാജൻ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്. പൊതുജനാരോഗ്യം കമ്പോളവൽക്കരിക്കാൻ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടിൽ സമാധാനപരമായ സാമൂഹ്യസഹവർത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓർമിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികൾക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുൽ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയിൽ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡൽ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക് ആവശ്യം എന്ന തിരിച്ചറിവ്... പ്രിയപ്പെട്ട രാഹുൽ ഗാന്ധി താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക... താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്.. Content Highlight: Viral facebook post about Rahul gandhi by sudha menon


from mathrubhumi.latestnews.rssfeed https://ift.tt/3f5ikn3
via IFTTT