Breaking

Friday, May 1, 2020

’ഇത് ദൈവം തന്ന ഭാഗ്യമാണ്, കോവിഡ് കാലത്ത് രണ്ടു ജില്ലകളിൽ രോഗികളെ പരിചരിക്കാനായില്ലേ...’

കാഞ്ഞങ്ങാട്: ‘‘ഫയാസ് മോന്റെയും ഫാത്തിമ മോളുടെയും സ്‌നേഹം നിറഞ്ഞ വിളി ഞങ്ങളുടെ മനസ്സിൽനിന്ന് മായില്ലൊരിക്കലും... ആംബുലൻസിലേക്ക് നടക്കുമ്പോൾ തിരിഞ്ഞുനിന്നും വാഹനത്തിന്റെ ഗ്ലാസിലൂടെ നോക്കി കൈവീശിയും സംസാരഭാഷയ്ക്കപ്പുറത്ത് ആ എട്ടുവയസ്സുകാരിയും ഏട്ടനും കാട്ടിയ സ്‌നേഹാർദ്രതയെ എങ്ങനെയാണ് മറക്കാനാകുക... ഇത് ദൈവം തന്ന ഭാഗ്യം തന്നെ. കോവിഡ് കാലത്ത് രണ്ടു ജില്ലകളിൽ രോഗികളെ പരിചരിക്കാനായില്ലേ’’ -കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഇടുക്കി പീരുമേട്ടിലെ പാപ്പാ ഹെൻട്രിയുടെ വാക്കുകളിൽ കാസർകോടിനോടുള്ള സ്‌നേഹം. ഇവരുൾപ്പെടെ കാസർകോട് ഗവ.മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലെത്തിയ 25 അംഗ സംഘം 15 ദിവസത്തെ പരിചരണത്തിനു ശേഷം പടിയിറങ്ങി. വെള്ളിയാഴ്ച രാവിലെ അവർ നാട്ടിലേക്കു മടങ്ങും. ഇപ്പോൾ ചികിത്സയിലുള്ള 14 വയസ്സുകാരിവരെയുള്ള കോവിഡ് ബാധിതരെ നിറമനസ്സോടെ പരിചരിച്ചും സ്‌നേഹത്താൽ വീർപ്പുമുട്ടിച്ചും മടങ്ങുമ്പോൾ ഇവർക്ക് പറയാനുള്ളതത്രയും രോഗി-ഡോക്ടർ അല്ലെങ്കിൽ രോഗി-നഴ്‌സ് എന്ന സമവാക്യബന്ധമല്ല, അതിനപ്പുറത്തേക്ക് അതിർവരമ്പില്ലാത്ത സ്‌നേഹം പങ്കിട്ട ആഴമേറിയ സൗഹൃദമാണ്. പി.പി.ഇ.ക്കകത്താണെങ്കിലും വാക്കുകളിൽ സ്‌നേഹം പതിപ്പിക്കാൻ ഇവർക്കു കഴിഞ്ഞുവെന്ന് പറഞ്ഞാണ് കോവിഡ് മുക്തരായ ഓരോ കാസർകോട്ടുകാരനും ആസ്പത്രി വിട്ടത്. ഈ വാക്കുകളെക്കാൾ പ്രതിഫലം മറ്റെന്ത് എന്ന ഒറ്റവരിവാക്യം കൂടി കാസർകോടിന്റെ സ്‌നേഹത്തോടുചേർത്തുവച്ചാണ് ഇവർ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിന്റെ പടികളിറങ്ങിയത്. ഏപ്രിൽ 15-നാണ് ഇവർ ഇവിടെയെത്തിയത്. അനസ്‌തേഷ്യാവിഭാഗത്തിലെ ഡോ. മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാർ, 10 നഴ്‌സുമാർ, അഞ്ച് നഴ്‌സിങ് അസിസ്റ്റന്റുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സ്വമേധയാ കാസർകോട്ടേക്കു വന്നവരാണ്. ഡോ. ലക്ഷ്മി, നഴ്‌സുമാരായ പാപ്പാ ഹെൻട്രി, മനു ദാസ്, ഷെഫീഖ്, ഫാത്തിമ, പ്രശാന്ത്, മേരിപ്രഭ എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഐസൊലേഷൻ വാർഡിൽ പരിചരണം നടത്തിയവരാണ്. അവിടെ നാല് കോവിഡ് ബാധിതരെയാണ് ഇവർ നോക്കിയത്. 15 ദിവസം മുമ്പ് ഇവരെത്തുമ്പോൾ കാസർകോട്ടെ മെഡിക്കൽ കോളേജിൽ നേരത്തേ പറഞ്ഞ ഫാത്തിമയും ഫയാസും ഉൾപ്പടെ 23 കോവിഡ് ബാധിതരുണ്ടായിരുന്നു. ഇപ്പോൾ ആറുപേർ മാത്രമാണ് ചികിത്സയിലുള്ളത്. രണ്ട് ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ, ഒരു നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഇവിടത്തെ പരിചരണം. കളനാട് റസിഡൻസി കെട്ടിടത്തിലെ മുറികളിലാണ് താമസിച്ചത്. നാട്ടിലേക്കു പോകുന്നതിനുമുമ്പ് ഇവർക്ക് ഇത്രയുംകൂടി കൂട്ടിച്ചേർക്കാതിരിക്കാനായില്ല: ‘‘ഭക്ഷണമെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തുതന്നു. കാസർകോട്ടെ ജില്ലാഭരണകൂടത്തിനും ആരോഗ്യവകുപ്പിന് പ്രത്യേകിച്ചും നന്ദി.’’


from mathrubhumi.latestnews.rssfeed https://ift.tt/2KO0uXN
via IFTTT