ന്യൂയോർക്ക്: ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് പോലീസിനെത്തേടി ആ ഫോൺവിളി എത്തിയത്. ബ്രൂക്ലിനിലെ യൂടിക അവന്യൂവിലെ ശവസംസ്കാരകേന്ദ്രത്തിനുപുറത്ത് നിർത്തിയിട്ട രണ്ട് ട്രക്കുകളിൽനിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നുവെന്നാണ് പരാതി. പാഞ്ഞെത്തിയ പോലീസാണ് കരളലിയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്. ട്രക്കിനകത്ത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ. രൂക്ഷഗന്ധം പരത്തി ട്രക്കിൽനിന്ന് ദ്രാവകവും പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു. യു.എസിൽ കോവിഡ്-19 ഏറ്റവുംരൂക്ഷമായ ന്യൂയോർക്ക് സംസ്ഥാനത്താണ് ബ്രൂക്ലിൻ. അവിടെ ആൻഡ്ര്യൂ ടി ക്ലെക്ലി മൃതദേഹ സംസ്കാരകേന്ദ്രത്തിന് സമീപത്തുകണ്ട ട്രക്കിൽ എത്ര മൃതദേഹം ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. ശവസംസ്കാരകേന്ദ്രം വാടകയ്ക്കെടുത്ത ട്രക്കാണിതെന്നാണ് റിപ്പോർട്ട്. സ്പാനിഷ് ഫ്ലൂ മഹാമാരിക്കുശേഷം ന്യൂയോർക്ക് നഗരംകണ്ട ഏറ്റവുംവലിയ ദുരന്തമാണ് കോവിഡ്-19. ആഴ്ചകൾക്കിടെ 14,000-ത്തിലധികംപേർ മരിച്ച ന്യൂയോർക്ക് ആശുപത്രികളിലെ മോർച്ചറികൾ, പൊതുശ്മശാനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ മൃതദേഹങ്ങൾ കൈകാര്യംചെയ്യാനാവാതെ വിഷമിക്കുകയാണ്. സംസ്കരിക്കാനായി ദിവസങ്ങൾതന്നെ മൃതദേഹങ്ങൾ പുറത്തുസൂക്ഷിക്കേണ്ടിവരുന്നു. ശ്മശാനത്തിലേക്ക് കയറ്റാനാകാത്തതിനാൽ പലയിടത്തും പുറത്ത് മൃതദേഹം ട്രക്കിൽ സൂക്ഷിക്കുകയാണ്. അത്തരത്തിലൊന്നിലാണ് മൃതദേഹം അഴുകാൻ തുടങ്ങിയത്. ചില ശവസംസ്കാരകേന്ദ്രങ്ങൾ എ.സി. ട്രക്കുകൾ വാടകയ്ക്കെടുത്താണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. മറ്റുചില കേന്ദ്രങ്ങൾ ചാപ്പലുകൾ താത്കാലിക മോർച്ചറിയുമാക്കിയിരിക്കുന്നു. വലിയ എ.സി.കൾ വെച്ചാണ് ചാപ്പലുകൾ ഇതിനായി ഉപയോഗിക്കുന്നത്. സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിൽ മരിച്ചതിന്റെ അഞ്ചിരട്ടിയിലധികംപേർ മരിച്ചുകഴിഞ്ഞ നഗരത്തിൽ കൈകാര്യംചെയ്യാനാവാത്തവിധം മൃതദേഹം കുന്നുകൂടുന്നതിന്റെ ദാരുണചിത്രമാണ് ഇത് വരച്ചുകാട്ടുന്നത്. പ്രമുഖ ആശുപത്രികളിലെല്ലാം ശീതീകരിച്ച ട്രക്കുകളുടെ നിരയാണ്. പ്രത്യേകബാഗുകളിൽ പൊതിഞ്ഞാണ് ഇതിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. ബ്രൂക്ലിനിൽ കണ്ടെത്തിയ ട്രക്കുകളിലൊന്ന് ശീതീകരണത്തിന് സൗകര്യമില്ലാത്തതായിരുന്നെന്ന് അധികൃതർ പറഞ്ഞു. മൃതശരീരങ്ങൾ ഐസ് കട്ടകൾക്ക് മുകളിൽ വെച്ചിരിക്കുകയായിരുന്നു. എല്ലായിടത്തും ജോലിക്കാർ വിശ്രമമില്ലാതെ ജോലിയെടുക്കുന്നുണ്ടെന്നും എന്നാൽ, എല്ലാ മൃതദേഹങ്ങളും പെട്ടെന്നുതന്നെ സംസ്കരിക്കാനാകുന്നില്ലെന്നുമാണ് ശ്മശാനനടത്തിപ്പുകാർ പറയുന്നത്. ന്യൂയോർക്കിൽ മൃതദേഹം സംസ്കരിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ടിവരുന്നതായി നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻഗണനാക്രമമനുസരിച്ചാണ് സംസ്കാരം. Content Highlights:covid 19; current scenario in newyork
from mathrubhumi.latestnews.rssfeed https://ift.tt/2xsbYgK
via
IFTTT