Breaking

Monday, February 25, 2019

രണ്ട് സീറ്റ് വേണം, മത്സരിക്കാനും തയ്യാര്‍; നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ്

തൊടുപുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ കേരള കോൺഗ്രസിന് ലഭിക്കണമെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പി.ജെ. ജോസഫ് തൊടുപുഴയിൽ പറഞ്ഞു. നേരത്തെ കേരള കോൺഗ്രസിന് രണ്ട് സീറ്റുകളുണ്ടായിരുന്നു. 1984-ൽ കേരള കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിച്ചപ്പോൾ മുസ്ലീം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്. അതിനാൽ ലീഗിന്റെ സീറ്റുകളുടെ എണ്ണവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ പി.ജെ. ജോസഫ് തനിക്ക് മത്സരിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി. ലോക്സഭയിലേക്ക് പോയാൽ കൊള്ളാമെന്നും മത്സരിക്കാൻ തയ്യാറെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം കോട്ടയത്ത് നിഷാ ജോസ് കെ മാണി മത്സരിക്കുമെന്ന വാർത്തകൾ ഊഹാപോഹങ്ങളാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ചൊവ്വാഴ്ച മുതൽ തുടങ്ങാനിരിക്കുകയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. പാർട്ടിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫ്. വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:loksabha election 2019, pj joseph wants two seats for kerala congress


from mathrubhumi.latestnews.rssfeed https://ift.tt/2Vit1b4
via IFTTT