മുംബൈ: എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെത്തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിർദേശം. മുംബൈയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിലാണ് ഫോൺസന്ദേശം ലഭിച്ചത്. ശനിയാഴ്ച വിമാനം റാഞ്ചുമെന്നായിരുന്നു ഫോൺ. ഇതേത്തുടർന്ന് എല്ലാ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിർദേശം നൽകി. മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പരിശോധനാ സംവിധാനവും കർശനമാക്കിയിട്ടുണ്ട്.പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ സന്ദേശം അധികൃതർ ഗൗരവമായാണ് കാണുന്നത്. പാർക്കിങ് സ്ഥലത്ത് എത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യാത്രികരുടെ ബാഗുകളുടെയും കാർഗോ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയും പരിശോധന കൂടുതൽ കർശനമാക്കി. ദ്രുത കർമസേനയെയും സജ്ജമാക്കിയിട്ടുണ്ട്.മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസംതന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെയും ദഹിസർ മാളിനുമുന്നിലുണ്ടായ സ്ഫോടനത്തിന്റെയും മഹാരാഷ്ട്ര സ്റ്റേറ്റ് ബസിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇത്.
from mathrubhumi.latestnews.rssfeed https://ift.tt/2SXdNvq
via
IFTTT