തിരുവനന്തപുരം: നിയമസഭയിൽ തുടങ്ങിയ ദേശീയ വിദ്യാർഥിപാർലമെന്റിൽ പങ്കെടുക്കാൻ വിവിധസംസ്ഥാനങ്ങളിൽനിന്ന് എത്തിയവർക്കുമുന്നിൽ കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ മഹത്ത്വത്തെക്കുറിച്ച് ഗവർണർ ജസ്റ്റിസ് പി. സദാശിവം വാചാലനായി. കേരളത്തിലെ നേതാക്കൾ തിളക്കമുള്ള മാതൃകകളാണ്. തന്റെ സ്വന്തംനാടായ തമിഴ്നാട്ടിൽ ഭരണപക്ഷത്തെ അംഗത്തെ ഒന്നുനോക്കാൻപോലും പ്രതിപക്ഷാംഗങ്ങൾ തയ്യാറാവില്ല. എന്നാൽ, കേരളത്തിലാകട്ടെ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും നേതാക്കൾ തമ്മിൽ സൗഹൃദവും സഹകരണവുമുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം അന്തരിച്ചപ്പോൾ തനിക്ക് രാമേശ്വരത്തുപോകാനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരുമണിക്കൂറിനകം ചെറുവിമാനം ഏർപ്പാടാക്കി. മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും താനും ഒരുമിച്ചാണ് പോയത്. മധുരയിൽനിന്ന് രാമേശ്വരത്തെത്തിയത് ഒരു കാറിലും. മൂന്നുപേരെയും ഒരുമിച്ചുകണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു -ഇതാണ് കേരളം! തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ഇതേവിമാനം മുഖ്യമന്ത്രി പിണറായി വിജയനും ഏർപ്പാടാക്കി. അന്നും താനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് ചെന്നൈയിലേക്ക് പോയി. അത് തമിഴ്നാട്ടിലെ പത്രങ്ങളിൽ വലിയ വാർത്തയായതും ഗവർണർ അനുസ്മരിച്ചു. ജനാധിപത്യസംവിധാനത്തിന് പോരായ്മകളുണ്ടാവുമ്പോൾ അതിനെ കുറ്റപ്പെടുത്തുകയോ ഉദാരമതിയായ ഏകാധിപതിയെ പ്രതീക്ഷിക്കുകയോ അല്ല വേണ്ടത്. ജനാധിപത്യത്തിൽനിന്ന് അകലാതെ ആ പോരായ്മകൾ പരിഹരിക്കാനാണ് യുവാക്കൾ ശ്രമിക്കേണ്ടത്. ഉത്തരവാദിത്വമുള്ള പൗരൻ എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവുംവലിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഉദ്ഘാടനംചെയ്ത ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യൂണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹഖ്, എം.ഐ.ടി. പുണെ എക്സിക്യുട്ടീവ് പ്രസിഡൻറ് രാഹുൽ വി. കാരാട്, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവർ പങ്കെടുത്തു. നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ വിദ്യാർഥിപാർലമെന്റിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. 25-ന് സമാപിക്കും. ഹിന്ദിയിൽ കൈയടിനേടി പ്രതിപക്ഷനേതാവ് ദേശീയ വിദ്യാർഥിപാർലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചത് ഹിന്ദിയിൽ. രാഷ്ട്രീയപ്പാർട്ടികൾ കാലത്തിന് ചേർന്നവിധം അവയുടെ പ്രവർത്തനങ്ങൾ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽനിന്നുള്ള വിദ്യാർഥികൾ കരഘോഷത്തോടെ പ്രസംഗത്തെ വരവേറ്റു. ഹിന്ദിയിൽ പ്രസംഗിക്കുന്ന രമേശ് ചെന്നിത്തല കേരളത്തിന്റെ സ്വത്താണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പിന്നീടുനടന്ന ചർച്ചയിൽ അബ്ദുസ്സമദ് സമദാനിയും ഹിന്ദിയിൽ പ്രസംഗിച്ചു. content highlights:Kerala governor,p sathasivam, Pinarayi Vijayan, Ramesh Chennithala
from mathrubhumi.latestnews.rssfeed https://ift.tt/2TbMGMv
via
IFTTT