Breaking

Monday, February 25, 2019

'സമാധാനത്തിന് ഒരു അവസരം നല്‍കു': മോദിക്ക് ഇമ്രാന്റെ മറുപടി

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമാധാനത്തിന് ഒരു അവസരം നൽകു എന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കയാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ കൃത്യമായ തെളിവുകൾ നൽകിയാൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കൾ തീർച്ചയായും പഠാന്റെ മകനാണെങ്കിൽ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ. ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് അഭിനന്ദിക്കാനായി വിളിച്ച മോദി ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും എതിരായി നമുക്ക് ഒന്നിച്ച് പോരാടാം എന്നും ആശംസിച്ചിരുന്നു. താൻ ഒരു പഠാന്റെ മകനാണെന്നും സത്യത്തിൽ ഉറച്ച് നിന്ന് മാത്രമേ താൻ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളു എന്നായിരുന്നു അപ്പോൾ ഇമ്രാൻ ഖാന്റെ പ്രതികരണം. ഈ വാക്കുകൾ ഓർത്തെടുത്താണ് മോദിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം. ഇറാനിൽ വേരുകളുള്ള പഠാൻ സമുദായക്കാർ ആത്മാഭിമാനത്തിനും കുലീനതയ്ക്കും പേരുകേട്ടവരായാണ് അറിയപ്പെടുന്നത്. ആഗോള തലത്തിൽ ഭീകരവാദത്തിനെതിരായ വികാരം രൂപപ്പെടുകയാണന്നും പുൽവാമ ആക്രമണത്തിന് കാരണക്കാർ ശിക്ഷിക്കപ്പെടണം എന്ന നിലപാടുമായി തങ്ങൾ മുന്നോട്ട് പോകുകയാണെന്നും രാജസ്ഥാനിൽ നടന്ന റാലിയിൽ മോദി വ്യക്തമാക്കിയിരുന്നു. കണക്കുകൾ ഇത്തവണ തീർക്കുക തന്നെ ചെയ്യും. ഏറെ മാറിയ ഇന്ത്യയാണ് ഇത്. ഈ വേദന തങ്ങൾ സഹിക്കില്ല. ഭീകരവാദത്തെ എങ്ങനെ തകർക്കണമെന്ന് ഞങ്ങൾക്ക് നന്നായറിയാമെന്നും മോദി റാലിയിൽ പറഞ്ഞിരുന്നു. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ ഇന്ത്യ നൽകിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നായിരുന്നു നേരത്തെയും പാകിസ്താന്റെ നിലപാട്. എന്നാൽ സംഭവത്തിന് ഉത്തരവാദികളായ ഭീകരസംഘടന ജെയ്ഷെ മുഹമ്മദും തലവൻ മസൂദ് അസറും പാകിസ്താൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നത് വസ്തുതയാണെന്നും ഇത് തന്നെ നടപടിയെടുക്കാനാവശ്യമായ തെളിവാണെന്നും ഇന്ത്യ മറുപടി നൽകി. മുംബൈ, പത്താൻകോട്ട് ഭീകരാക്രമണങ്ങളെ തുടർന്ന് ഇന്ത്യ ആവശ്യമായ തെളിവുകൾ നൽകിയിട്ടും പാകിസ്താൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി content highlights:Imran Khan, Narendra Modi,Pakistan, India,Islamabad


from mathrubhumi.latestnews.rssfeed https://ift.tt/2E7ugmI
via IFTTT