പെരിയ: ''ജീവൻ തരാൻ കയ്യ്വോ നിങ്ങക്ക്? കൊന്നിറ്റല്ല പാർട്ടി വളർത്തേണ്ടത്. ചുട്ടുതിന്നോളൂ. അതുകണ്ട് രസിക്കാൻ എത്രമക്കളെയാ നിങ്ങക്ക് ബേണ്ടത്?''-കല്യോട്ടെ അമ്മമാർ കണ്ണീർകലർന്ന് ചുവന്ന കണ്ണുകളോടെ സി.പി.എം. നേതാക്കൾ സഞ്ചരിച്ച വാഹനങ്ങൾക്കുനേരെ കൈചൂണ്ടി അലമുറയിട്ടു. സ്ത്രീകളടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തീനാളമായിരുന്നു കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ എം.പി. ഉൾപ്പെെടയുള്ള സി.പി.എം. ജനപ്രതിനിധികളെയും നേതാക്കളെയും കല്യോട്ട് കാത്തിരുന്നത്. ഹർത്താൽ ദിനത്തിൽ തീവെച്ച് നശിപ്പിച്ച പാർട്ടി ഓഫീസുകളും അനുഭാവികളുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാൻ എത്തിയതായിരുന്നു നേതാക്കൾ. പൂർണമായും കത്തിയമർന്ന പെരിയ ബസാറിലെ എ.കെ.ജി. ഭവനിൽനിന്നാണ് ശനിയാഴ്ച രാവിലെ സി.പി.എം. സംഘം പുറപ്പെട്ടത്. കല്യോട്ട് ബസാറിൽ വാഹനവ്യൂഹം എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവരെ പണിപ്പെട്ടാണ് പോലീസ് നീക്കിയത്. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് യുവാക്കൾ പ്രതിഷേധിച്ചത്. പാർട്ടി അനുഭാവികളായ ഓമനക്കുട്ടൻ, കേസിൽ അറസ്റ്റുചെയ്യപ്പെട്ട ഗിജിന്റെ പിതാവ് ശാസ്താ ഗംഗാധരൻ എന്നിവരുടെ വീടുകളും സന്ദർശിച്ചു. ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങൾ അടുത്തടുത്തായി ചിതയൊരുക്കി ദഹിപ്പിച്ച സ്ഥലത്തിന് സമീപത്തെ റോഡ് വഴിയാണ് നേതാക്കൾ ആ വീടുകളിൽ എത്തിയത്. തകർക്കപ്പെട്ട കല്യോട്ട് ഇ. മുത്തുനായർ സ്മാരക മന്ദിരവും സന്ദർശിച്ചു. നേതാക്കളുടെ വാഹനവ്യൂഹം കവലയിൽ തിരിച്ചെത്തിയപ്പോൾ സംഘടിച്ചുനിന്നവർ വീണ്ടും കൂവിയും മുദ്രാവാക്യമുയർത്തിയും പ്രതിഷേധമുയർത്തി. മുത്തുനായർ സ്മാരക മന്ദിരത്തിൽനിന്നിറങ്ങിയശേഷം കവലയിലെ വത്സരാജ്, ജയരാജ് എന്നിവരുടെ തീവെച്ച് നശിപ്പിക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചു. അതിനിടയിൽ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ സി.പി.എം. നേതാക്കൾക്കുനേരെ ആക്രോശവുമായി എത്തിയത് സംഘർഷമുയർത്തി. പ്രതിഷേധക്കാരെ നീക്കാത്തതിൽ പോലീസിനെതിരേയും ചില സി.പി.എം. നേതാക്കൾ തിരിഞ്ഞു. പോലീസ് ഒരുക്കിക്കൊടുത്ത വഴിയിലൂടെ മുന്നോട്ടുപോയ നേതാക്കളുടെ വാഹനങ്ങൾക്കുപിന്നാലെ മുഷ്ടിചുരുട്ടി ഓടിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റി. അവിടന്ന് നേതാക്കൾ നേരെയെത്തിയത് കൊലപാതകത്തിലെ മുഖ്യകണ്ണിയെന്ന് സംശയിച്ച് പോലീസ് അറസ്റ്റുചെയ്ത എ. പീതാംബരന്റെ വീട്ടിലായിരുന്നു. അവിടെ ഭാര്യ മഞ്ജുളയെയും പീതാംബരന്റെ അമ്മ തമ്പായിയെയും കണ്ടു. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, എം.എൽ.എ.മാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇനിയുള്ള മക്കളെയും കൊല്ലണോ? ''എന്തിനാ നിങ്ങ ബന്നത്? ഞങ്ങക്ക് ഞങ്ങളെ കുഞ്ഞളെ ജീവനാ ബെല്ത്. അവരെ കുയി മാന്താനാ നിങ്ങ ബന്നത്. സമാധാനത്തിനാണെങ്കിൽ കൊന്നിറ്റല്ലല്ലോ ബെരണ്ടത്. അതിന് നേരത്തേ ബെരാര്ന്ന്ല്ലേ? ഞങ്ങക്ക് ഇനിയും മക്കോണ്ട്. അബരെയും നിങ്ങക്ക് കൊല്ലണോ? ഏടയാ ആ നേതാവ്? ഏടയാ ആ എം.എൽ.എ.? ഞങ്ങക്കും ഒരോട്ട്. അവര്ക്കും ഒരോട്ട്. ബെരട്ട് അവര്...'' -കല്യോട്ടെ ഗീത, കാവേരി, സുജാത, ഉഷ, കാർത്യായനി തുടങ്ങിവയർ എല്ലാ നിയന്ത്രണവുംവിട്ട് കത്തുന്ന വാക്കുകളിൽ പ്രതിഷേധം ചൊരിയുകയായിരുന്നു. അതിനിടെ ചിലർ സമനിലതെറ്റി ബോധംകെട്ട് വീണു. ''മനുഷ്യന്മാരെ സ്നേഹിക്കാൻ പഠിപ്പിച്ച എന്റെ ഏട്ടന്മാരെയാണ് അവരെല്ലാം ചേർന്ന് കൊന്നതെ''ന്ന് നിലവിളിച്ചുകൊണ്ടാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ. ചന്ദ്രന്റെ മകൾ വിനയ പ്രതിഷേധക്കാർക്കൊപ്പം നിന്നത്. എല്ലാ ആഴ്ചകളിലും ശരത്ത്ലാലിന്റെ നേതൃത്വത്തിൽ കല്യോട്ട് സംഘടിപ്പിച്ചിരുന്ന ക്ലാസുകളിൽ സ്ഥിരംസാന്നിധ്യമായിരുന്നു വിനയ. content highlights: kasaragod double murder, CPIM, Congress
from mathrubhumi.latestnews.rssfeed https://ift.tt/2NojdKa
via
IFTTT