മുംബൈ:എംബിബിഎസ് ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 57 വ്യാജന്മാരുടെ ലൈസൻസ് മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ റദ്ദാക്കി. ബിരുദാനന്തര ബിരുദത്തിനു ശേഷം പുനർരജിസ്ട്രേഷന് അപേക്ഷ നൽകിയിരുന്ന 57 പേരുടെ ബിരുദവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2014-15 ൽ മുംബൈയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് & സർജൻസ്(സിപിസി)യിൽ നിന്ന് ബിരുദം നേടിയവരാണ് 57 പേരും. ഇവരുടെ ബിരുദം വ്യാജമാണെന്ന സംശയത്തെ തുടർന്ന് 2018 ഒക്ടോബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്ന സിപിസിയിലെ മുൻ വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ ഡോ. സ്നേഹൽ ന്യാതി മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ബിരുദ സർട്ടിഫിക്കറ്റിനായി മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് കൈപ്പറ്റിയിരുന്നതായി പോലീസ് പറഞ്ഞു. പരീക്ഷയിൽ പരാജയപ്പെട്ടാലും സർട്ടിഫിക്കറ്റ് നൽകാമെന്ന് വിദ്യാർഥികൾക്ക് ഇയാൾ ഉറപ്പു നൽകിയിരുന്നതായി പോലീസ് അറിയിച്ചു. 2016 ലാണ് വ്യാജബിരുദത്തെ കുറിച്ച് പോലീസിന് സംശയം ജനിച്ചത്. തുടർന്ന് കോളേജ് അധികൃതർക്ക് കത്തയച്ചു. കോളേജ് ഇത്തരത്തിലൊരു ബിരുദ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന മെഡിക്കൽ കൗൺസിലിനെ വിവരമറിയിച്ചതിനെ തുടർന്ന് കൗൺസിലിൽ ലഭിച്ച അപേക്ഷകൾ പുനഃപരിശോധന നടത്തി. തുടർന്ന് 2014 ലും 2015 ലും ലഭിച്ച അപേക്ഷകളിൽ 78 പേരുടേത് വ്യാജസർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. സിപിസിയാണ് വ്യാജ ബിരുദത്തിന് പിന്നിലെന്നും തന്നെ ഇതിൽ ഇരയാക്കുകയായിരുന്നുവെന്നും അറസ്റ്റിലായ ഡോ. സ്നേഹൽ ന്യാതി അറിയിച്ചു. എന്നാൽ കോളേജ് അധികൃതർ ഈ ആരോപണം നിഷേധിച്ചു. പ്രാക്ടീസിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ട ചുമതലയും ഉത്തരവാദിത്തവും മെഡിക്കൽ കൗൺസിലിനാണെന്ന് സിപിസി അധികൃതർ പറഞ്ഞു. Content Highlights: 57 Fake Doctors Treated Patients for 4 Years in Maharashtra
from mathrubhumi.latestnews.rssfeed http://bit.ly/2SHxI0w
via
IFTTT