Breaking

Thursday, November 15, 2018

തീവണ്ടികളിൽ ലേഡീസ് ഓൺലി കോച്ചുകൾ നിർത്തുന്നു

തിരുവനന്തപുരം: ദീർഘദൂര തീവണ്ടികളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾ റെയിൽവേ നിർത്തലാക്കുന്നു. പകരം ജനറൽകോച്ചുകളിലെ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയിൽ സ്ത്രീകളുടെ സീറ്റുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിക്കും. തിരുവനന്തപുരം-ചെന്നെ മെയിൽ, കൊച്ചുവേളി-ബെംഗളൂരൂ എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തിൽ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറൽ കമ്പാർട്ട്‌മെന്റുകളിലൊന്നിൽ ഒന്നുമുതൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി മാറ്റി. മുൻകൂർ അറിയിപ്പുനൽകാതെ സീറ്റുകൾക്ക് മുകൾഭാഗത്ത് സ്ത്രീസംവരണം എന്നെഴുതി ഒട്ടിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ടിക്കറ്റ് പരിശോധകരും റെയിൽവേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലർക്കും പിഴചുമത്തി. സുരക്ഷിതത്വത്തിനുവേണ്ടിയാണ് സ്ത്രീകൾക്ക് പ്രത്യേകം കോച്ചുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ജനറൽകോച്ചിന്റെ ഒരുഭാഗം മാറ്റിവെച്ചുള്ള പുതിയ സംവരണരീതി സുരക്ഷാഭീതിയും ഉണ്ടാക്കുന്നുണ്ട്. പോലീസുകാരില്ലെങ്കിൽ സ്ത്രീകളുടെ സീറ്റ് പലരും കൈവശപ്പെടുത്തും. കോച്ചുക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താൻ റെയിൽവേയെ പ്രേരിപ്പിച്ചത്. പുത്തൻതലമുറ എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകൾ ഇല്ലാതായത്. പാഴ്‌സൽവാൻ സൗകര്യമുള്ള എസ്.എൽ.ആർ. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകൾക്ക് മാറ്റിവെച്ചിരുന്നത്. ഈ കോച്ചുകൾ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എൽ.എച്ച്.ബി. കോച്ചുകളിൽ എസ്.എൽ.ആർ. സംവിധാനമില്ല. പകരം ജനറേറ്ററും ഗാർഡ് റൂമും ചേർന്നാണ് വരുന്നത്. സ്ത്രീകൾക്ക് പ്രത്യേക കോച്ച് ഏർപ്പെടുത്തണമെങ്കിൽ ഒരു എൽ.എച്ച്.ബി. കമ്പാർട്ട്‌മെന്റ് പൂർണമായും മാറ്റേണ്ടിവരും. ഇതിനാവശ്യമായ കോച്ചുകളില്ല. പകുതി കമ്പാർട്ട്‌മെന്റിൽ കൂടുതൽ സ്ത്രീകൾക്കായി മാറ്റിവെയ്ക്കാൻ റെയിൽവേ തയ്യാറുമല്ല. പ്രത്യേക കോച്ച് പ്രായോഗികമല്ലസ്ത്രീകൾക്കുമാത്രമായി പ്രത്യേക കോച്ച് ഏർപ്പെടുത്തുക പ്രായോഗികമല്ല. വനിതകൾക്കായി മാറ്റിവെച്ച ഭാഗം തിരിച്ചറിയുന്നതിനായി ക്രമീകരണം ഏർപ്പെടുത്തും. സ്ത്രീകളുടെ സുരക്ഷയ്ക്ക് നടപടി സ്വീകരിക്കും -റെയിൽവേ അധികൃതർ


from mathrubhumi.latestnews.rssfeed https://ift.tt/2FnK4Wp
via IFTTT