Breaking

Thursday, November 15, 2018

ശബരിമല യുവതി പ്രവേശനം: സർവ്വകക്ഷി യോഗം ഇന്ന്

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് നടക്കും. യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും.

നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ ഏറെ പ്രാധാന്യമുള്ളതാണ് സർവ കക്ഷി യോഗം. സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ അതോ സുപ്രീം കോടതി വിധി നടപ്പാക്കുമോ എന്ന് ഇന്നറിയാം. വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചതോടെ സർക്കാറിന് മുന്നിൽ വിധി നടപ്പിലാക്കാതെ മറ്റ് മാർഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു. 

എന്നാൽ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ്, ബിജെപി പാർട്ടികൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സർക്കാർ നിലപാടിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിലപാട് മാറ്റുമോ എന്നാണു എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ, യുവതികളെ നിർബന്ധപൂർവ്വം കൊണ്ട് വരില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കാനാണ് സാധ്യത. അതേസമയം, യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടാൽ സർക്കാറിന് നൽകാതിരിക്കാനാകില്ല. 

അതിനിടെ, മണ്ഡലകാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കഴിഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെയാണ് ദര്‍ശന സമയവും ബസ് ടിക്കറ്റും ഇവര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികളും ബുക്ക് ചെയ്തിരിക്കുന്നത്. ആന്ധ്രയെ കൂടാതെ ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും യുവതികള്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. പ്രതിഷേധം ഉയരുന്നതിനാല്‍ എത്ര പേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല.



from Anweshanam | The Latest News From India https://ift.tt/2ROSN5g
via IFTTT