Breaking

Wednesday, November 28, 2018

അയോധ്യ കേസ്: സുപ്രീംകോടതി ജ‍ഡ്ജിമാർക്കെതിരെ ആരോപണവുമായി ആര്‍എസ്എസ് നേതാവ്

ചണ്ഡിഗഢ്: അയോധ്യ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശവുമായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അയോധ്യയിലെ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നിയമനിർമാണം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്കെതിരെ വിമർശനവുമായി ഇന്ദ്രേഷ് കുമാർ രംഗത്തെത്തിയത്.പഞ്ചാബ് സർവകലാശാലയിൽ ഒരു സെമിനാറിൽ സംസാരിക്കുമ്പോഴാണ് ഇന്ദ്രേഷ് കുമാർ വിവാദ പരാമർശം നടത്തിയത്. രാമക്ഷേത്ര നിർമാണത്തിനായി സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. ഇതിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിൽ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കാൻ സാധ്യതയുണ്ട്. ജഡ്ജിമാരുടെ പേരുകൾ പറയുന്നില്ല. ഇന്ത്യയിലെ 125 കോടി ജനങ്ങൾക്ക് ആ ബെഞ്ചിലുള്ള മൂന്നു ജഡ്ജിമാരുടെ പേരുകൾ അറിയാം. അയോധ്യ കേസ് വൈകിപ്പിക്കുന്നതും നിരസിക്കുന്നതും അനാദരിക്കുന്നതും അവരാണ്- ഇന്ദ്രേഷ് കുമാർ ആരോപിച്ചു. ഈ ജഡ്ജിമാർ ഇന്ത്യയെ വികലമാക്കും. വിശ്വാസങ്ങളെയും ജനാധിപത്യത്തെയും ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഹനിക്കുമെന്നും അദ്ദേഹം പറഞ്ഞു.അയോധ്യ കേസ് ജനുവരിയിൽ വാദം കേൾക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ചിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു ആർഎസ്എസ് നേതാവിന്റെ പരാമർശം. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഇത്തരക്കാരല്ലെന്നും ഏതാനും പേരാണ് മുഴുവൻ നിയമസംവിധാനത്തിനും ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. രണ്ടോ മൂന്നോ ജഡ്ജിമാരൊഴികെ ബാക്കിയെല്ലാവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരാണ്. അവർ വിശ്വാസമുള്ളവരാണ്. എന്നാൽ ഇത്തരക്കാർ മൂലം മുഴുവൻ ജഡ്ജിമാരോടും ബഹുമാനം നഷ്ടപ്പെടാൻ ഇടയാകും. നീതി നടപ്പാക്കാൻ തയ്യാറല്ലെങ്കിൽ ആ സ്ഥാനത്ത് തുടരണമോയെന്ന് ആ ജഡ്ജിമാർ ആലോചിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടു. Content Highlights:Ayodhya Case,Indresh Kumar, RSS, Chief Justice of India


from mathrubhumi.latestnews.rssfeed https://ift.tt/2DRCdh8
via IFTTT