ബെംഗളൂരു: നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെത്തിയ കുടിയേറ്റ തൊഴിലാളികളെ തൊഴിച്ച പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബെംഗളൂരു കെ.ജി ഹള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജാ സാഹെബിനെയാണ് സസ്പെൻഡ് ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ ഇയാൾ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്. കെ.ജി ഹള്ളി പോലീസ് സ്റ്റേഷന് മുന്നിലാണ് ഇതിനാസ്പദമായ സംഭവം നടന്നത്. തങ്ങൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകണമെന്നും അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് പിരിഞ്ഞുപോകില്ലെന്നും തൊഴിലാളികൾ നിലപാടെടുത്തു. എ.എസ്.ഐ രാജാ സാഹെബ് ആണ് ഇവരെ പിന്തിരിപ്പിക്കാനായി എത്തിയത്. ഇദ്ദേഹം ആദ്യം അനുനയത്തിൽ ഇവരെ മടക്കി അയയ്ക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ പിന്മാറാൻ കൂട്ടാക്കാതിരുന്നതോടെ രാജാ സാഹെബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് തനി പോലീസ് മുറയിൽ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. അതേസമയം കോവിഡ് പരിശോധനാ ഫലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട ആളിൽ നിന്ന് സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരങ്ങളും പുറത്തുവന്നു. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മാലൂർ ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഡോക്ടറിനോട് ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2YSa1Fs
via
IFTTT