കോഴിക്കോട്: പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളും ബന്ധുക്കളുമായ നാലുപേരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എട്ടു വയസ്സുകാരൻ പോലീസിന് പരാതിനൽകി. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പോലീസുകാരെ പരാതി ഏൽപ്പിക്കുകയായിരുന്നു, മൂന്നാംക്ലാസുകാരൻ. ഇംഗ്ലീഷിൽ എഴുതിയ പരാതിയിൽ അഞ്ചുപേരെയും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യണമെന്നായിരുന്നു ആവശ്യം. ഞായറാഴ്ചയാണ് പരാതി നൽകിയത്. പരാതിക്കാരനെയും സഹോദരി ഉൾപ്പെടെയുള്ള അഞ്ചുപേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി. തന്നെ കളിക്ക് കൂട്ടുന്നില്ലെന്നും ചേച്ചിയുൾപ്പെടെയുള്ളവർ കളിയാക്കുകയാണെന്നുമായി പരാതിക്കാരൻ. സഹോദരി ഉൾപ്പെടെ അഞ്ചുപേരുടെയും പ്രായവും പേരും പരാതിയിലുണ്ടായിരുന്നു. ഒപ്പം പരാതിക്കാരന്റെ പൂർണമേൽവിലാസവും. സഹോദരി, അയൽവാസികൾകൂടിയായ പതിന്നാലുവയസ്സുള്ള രണ്ടുപേർ, പതിനെട്ടുകാരിയും പതിനഞ്ചുകാരിയുമായ രണ്ടുപേർ എന്നിവരെ അറസ്റ്റുചെയ്യണമെന്നാണ് ആവശ്യം. പ്രദേശത്തെത്താറുള്ള പോലീസ് മാമൻമാർ തന്റെ ആവശ്യം ഉടൻ പരിഹരിച്ചുതരണമെന്ന വാശിയിലായിരുന്നു പരാതിക്കാരൻ. കസബ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ യു.പി. ഉമേഷ്, കെ.ടി. നിറാസ് എന്നിവർ അവസാനം മധ്യസ്ഥശ്രമം നടത്തി പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. പരാതിക്കാരനെയും സഹോദരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി 'ഉടമ്പടി'യുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പോലീസുകാരുടെ സാന്നിധ്യത്തിൽ ഉറപ്പുലഭിച്ച പരാതിക്കാരൻ സന്തോഷത്തോടെ രക്ഷിതാക്കൾക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങി. Content Highlight: 3rd standard boy demands arrest of sister and her friends
from mathrubhumi.latestnews.rssfeed https://ift.tt/3dCAN97
via
IFTTT