Breaking

Monday, May 11, 2020

കോവിഡിന് മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാർമസിസ്റ്റ് മരിച്ചു

ചെന്നൈ: കോവിഡ്-19 ചികിത്സയ്ക്കുള്ള മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാർമസിസ്റ്റ് മരിച്ചു. ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്ന സുജാത ബയോടെക് കമ്പനിയിലെ പ്രൊഡക്‌ഷൻ മാനേജരായിരുന്ന ശിവനേശനാണ് (47) മരിച്ചത്. ഇയാൾ തയ്യാറാക്കിയ മരുന്ന് രുചിച്ച് നോക്കിയ കമ്പനി എം.ഡി. ഡോ. രാജ്കുമാർ ബോധരഹിതനായെങ്കിലും ആശുപത്രിയിലെ ചികിത്സയെത്തുടർന്ന് രക്ഷപ്പെട്ടു. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉത്തരാഖണ്ഡിലുള്ള നിർമാണ യൂണിറ്റിലായിരുന്നു ശിവനേശൻ ജോലി ചെയ്തിരുന്നത്. ചെന്നൈ പെരുങ്കുടിയിൽ കുടുബാംഗങ്ങളെ കാണാൻ എത്തിയ ഇയാൾക്ക് അടച്ചിടലിനെത്തുടർന്ന് തിരികെ പോകാൻ സാധിച്ചില്ല. ഇതിനിടെയാണ് ഇയാൾ ചില രാസവസ്തുകൾ ചേർത്ത് പരീക്ഷണം നടത്തിയത്. ചെന്നൈ പാരീസ് കോർണറിൽനിന്നാണ് മരുന്നിനുള്ള അസംസ്കൃത വസ്തുകൾ വാങ്ങിയത്.പൊടിരൂപത്തിലുള്ള മരുന്ന് ആദ്യം ഡോ. രാജ്കുമാറിന് രുചിക്കാൻ നൽകിയ ശിവനേശൻ ഇതുവെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു. ബോധരഹിതരയായ ഡോ. രാജ്കുമാറിനെയും ശിവനേശനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശിവനേശന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ ഇയാൾ മരിച്ചു. സംഭവത്തിൽ തേനാംപേട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ്. ശിവനേശൻ സ്വന്തം നിലയിലാണ് മരുന്നുണ്ടാക്കിയതെന്നും തങ്ങൾ ആയുർവേദ ചികിത്സാവിധി പ്രകാരമുള്ള മരുന്നുകൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2LigTUF
via IFTTT