Breaking

Tuesday, May 19, 2020

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തിയതറിയാതെ റോഡില്‍ പീലിവിടത്തി മയിലുകള്‍

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങളുടെ തിരക്കേറിത്തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ രാജസ്ഥാനിൽ റോഡിൽ ഗതാഗതം തടസപ്പെടുത്തി ഒരു സംഘം മയിലുകൾ പ്രത്യക്ഷപ്പെട്ടത് രസകരമായ കാഴ്ചയായി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ അപൂർവ ട്രാഫിക് ജാമിന്റെ വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. വിനോദ് ശർമ എന്നയാൾ പകർത്തിയ വീഡിയോയാണിതെന്നും രാജസ്ഥാനിലെ ഏത് സ്ഥലത്താണ് സംഭവമെന്ന് അറിയില്ലെന്നും കസ്വാൻ ട്വിറ്ററിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. 1,30,000ലധികം പേർ വീഡിയോ ഇതു വരെ കണ്ടു കഴിഞ്ഞു. വാഹനം കടന്നുവരുന്നതനുസരിച്ച് റോഡിൽ കൂട്ടം കൂടി നിൽക്കുന്ന പക്ഷികൾ വശങ്ങളിലേക്ക് തിടുക്കപ്പെട്ട് മാറുന്നത് വീഡിയോയിൽ കാണാം. അതിനിടെ പീലി നിവർത്തി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന വിരുതന്മാരേയും വീഡിയോയിൽ കാണാം. Amazing traffic jam by the national bird. Courtesy Vinod Sharma ji. pic.twitter.com/JcWA0YfKkH — Parveen Kaswan, IFS (@ParveenKaswan) May 17, 2020 നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ഇത്ര മനോഹരമായ ട്രാഫിക് ജാമിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടേണ്ടി വന്നാലും ഒരു പ്രശ്മവുമില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പലരും തങ്ങളുടെ പ്രദേശത്ത് സന്ദർശനത്തിനെത്തിയ വന്യമൃഗങ്ങളുടേയും പക്ഷികളുടേയും ഫോട്ടോയും വീഡിയോയും കമന്റായി പോസ്റ്റു ചെയ്തു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ജനങ്ങൾ വീടുകളിൽ തന്നെ കഴിച്ചുകൂട്ടിയതും വാഹനഗതാഗതം നിലച്ചതും പൊതുവിടങ്ങളിൽ വന്യമൃഗങ്ങളുടേയും പക്ഷികളുടേയും സാന്നിധ്യം വർധിപ്പിച്ചിരുന്നു, മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികളെന്ന് ഓർമിപ്പിക്കുന്നതു പോലെ...!


from mathrubhumi.latestnews.rssfeed https://ift.tt/2AEko5L
via IFTTT