Breaking

Thursday, May 21, 2020

കോവിഡ് സർട്ടിഫിക്കറ്റില്ല; വെട്ടിലായി കള്ളനും പോലീസും

തിരുവനന്തപുരം : റിമാൻഡ് പ്രതികളെ ജയിലിലാക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ജയിൽ മേധാവിയുടെ ഉത്തരവ് വലച്ചത് പോലീസുകാരെ. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതോടെ കൈയിലുള്ള പ്രതിയെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി പോലീസുകാർ. തിരിച്ച് കോടതിയിലോ സ്റ്റേഷനുകളിലോ എത്തിക്കാൻ വയ്യ. പലരും പ്രതികളെ വാഹനത്തിലിരുത്തി നഗരം ചുറ്റി. മറ്റുചിലർ പ്രതികളെ അനൗദ്യോഗികമായി സ്റ്റേഷനിലെത്തിച്ച് സെല്ലിന് പുറത്തിരുത്തി. പരിശോധനയ്ക്ക് എത്തിച്ചപ്പോഴാകട്ടെ അടുത്തപ്രശ്നം തലപൊക്കി. ആരോഗ്യവകുപ്പിന്റെ പട്ടികയിലില്ലാത്തവരുടെ സ്രവപരിശോധന നടത്താനാവില്ലെന്ന് പലയിടത്തുനിന്നും അറിയിച്ചു. പരിശോധനയ്ക്ക് സമ്മതിച്ച സ്ഥലങ്ങളിലാകട്ടെ ഫലം ലഭിക്കാൻ കാലതാമസവും. ജയിലിലെത്തിക്കേണ്ട പ്രതികളെ പരിശോധനാഫലം ലഭിക്കുംവരെ ജില്ലാ ഭരണകൂടത്തിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിൽ ജയിലിലേതിന് സമാനമായ സുരക്ഷാസജ്ജീകരണങ്ങളോടെ പാർപ്പിക്കണമെന്നും ജയിൽമേധാവി നിർദേശിച്ചിരുന്നു. എന്നാൽ, കോവിഡ് സംശയങ്ങളില്ലാത്തവരെയും ക്വാറന്റീൻ പട്ടികയിൽ ഉൾപ്പെടാത്തവരെയും ക്വാറന്റീൻകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നായി അധികൃതർ. ഒടുവിൽ പോലീസിന്റെ നെട്ടോട്ടം ശ്രദ്ധയിൽപ്പെട്ട ജയിൽമേധാവി ഋഷിരാജ് സിങ് ഉത്തരവിൽ കഴിഞ്ഞദിവസം ചെറിയ മാറ്റംവരുത്തി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് വേണ്ട, പകരം കോവിഡ് ഒ.പി.യിൽനിന്ന് കോവിഡ് ലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റ് മതിയെന്നാക്കി. കൂടാതെ, കൊട്ടാരക്കര സ്പെഷ്യൽ സബ്ജയിലിനെ കോവിഡ് നിരീക്ഷണജയിലായി പ്രഖ്യാപിക്കുകയുംചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നുള്ളവർക്കുവേണ്ടിയാണിത്. കൊട്ടാരക്കരയിലുണ്ടായിരുന്ന 70 തടവുകാരെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റാനും അനുമതിനൽകി. തിരുവനന്തപുരം ജില്ലയിലെ പ്രതികളെ സ്പെഷ്യൽ സബ്ജയിൽ ഏറ്റെടുത്ത് സിംഗിൾ സെല്ലുകളിൽ മറ്റുപ്രതികളുമായി ഒരു തരത്തിലും സമ്പർക്കമില്ലാതെ പാർപ്പിക്കാനും നിർദേശം നൽകി. ഇതോടെയാണ് പോലീസിനും എക്സൈസിനും ശ്വാസം നേരെവീണത്. സംസ്ഥാനത്തെ 54 ജയിലുകളിലായി പ്രതിദിനം നൂറോളം പ്രതികളാണ് പുതുതായി എത്തുന്നത്. നിലവിലുള്ള 6250 തടവുകാരുടെയും 1600 ജീവനക്കാരുടെയും സുരക്ഷിതത്വത്തിന് പ്രാമുഖ്യം നൽകിയായിരുന്നു ജയിൽമേധാവിയുടെ ഉത്തരവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. Content Highlight: No Covid certified; The thief and the police are trapped


from mathrubhumi.latestnews.rssfeed https://ift.tt/2LMvWGo
via IFTTT