Breaking

Monday, May 11, 2020

കാസർകോട് എന്ന ലോകമാതൃക

ചെമ്മനാട് ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പുളിക്കാൽ രവീന്ദ്രൻ ഒന്നരമാസമായി പുലർച്ചെ മൂന്നിന് ഉണരും. താമസിക്കുന്ന ക്വാർട്ടേഴ്സ് അണുനാശിനി കൊണ്ടു വൃത്തിയാക്കുകയാണ് ആദ്യ ജോലി. അതുകഴിഞ്ഞ് കുളിക്കും, തുണിയലക്കും, ഭക്ഷണം പാകംചെയ്യും. ആറുമണിയാകുമ്പോഴേക്ക് പുറപ്പെടാൻ തയ്യാറാകും. അപ്പോഴേക്കും ഫോൺ കോൾ പെയ്തുതുടങ്ങും. വെളിച്ചംകൂടിവരുമ്പോഴേക്ക് ചാറ്റൽമഴയിൽനിന്ന് പെരുമഴയിലേക്കെന്നപോലെ വിളി കൂടും. ചുറ്റുവട്ടത്തുനിന്നു മാത്രമല്ല, ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നുവേണ്ട ലോകത്തിന്റെ നാനാദിക്കിൽ നിന്നും. ഡോക്ടർമാരടക്കമുള്ളവരാണ് വിളിക്കുന്നത്. നാട്ടിലേക്കുവരാൻ വല്ല സാധ്യതയുമുണ്ടോ, വന്നാൽ എന്തൊക്കെ മുൻകരുതലെടുക്കണം, ബന്ധുക്കൾക്ക് രോഗമില്ലെന്ന് ഉറപ്പാക്കാമോ, ടെസ്റ്റ് നടത്തിത്തരുമോ തുടങ്ങി സഹായാഭ്യർഥനകളും സംശയങ്ങളും. മറുപടി പറഞ്ഞ് ഏഴുമണിയോടെ പഞ്ചായത്ത് ഓഫീസിലേക്ക് പുറപ്പെടും. അവിടെ അന്നു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സഹപ്രവർത്തകരുമായി ധാരണയുണ്ടാക്കും. പിന്നെ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീട് അണുമുക്തമാക്കലും ബോധവത്കരണവും ആരോഗ്യസർവേയും മരുന്നെത്തിച്ചു കൊടുക്കലും. രാത്രി എട്ടുമണിയാകും തിരികെ ക്വാർട്ടേഴ്സിലെത്താൻ. അപ്പോഴും ഫോൺ ചെവിയിൽത്തന്നെ. ''ദിവസം അറുനൂറ് കോൾവരെ വന്നിരുന്നു. ചെവി പൊട്ടിപ്പോകുമെന്ന് തോന്നും.'' -കളനാട്ടെ ഒരു കോവിഡ് ബാധിതന്റെ വീട് അണുമുക്തമാക്കാൻ പാഞ്ഞുപോകുന്നതിനിടെ രവീന്ദ്രൻ പറഞ്ഞു. ''രാത്രി 11 ആകാതെ കിടക്കാൻ പറ്റില്ല, ഉറക്കം പിടിക്കുമ്പോഴേക്ക് കോൾ വരും.'' കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് ചെമ്മനാട്-39 പേർ. രവീന്ദ്രനെപ്പോലെ ദിവസം നാലോ അഞ്ചോ മണിക്കൂർ മാത്രം ഉറങ്ങി ബാക്കി സമയമത്രയും ഫീൽഡിൽ നിൽക്കുന്ന ആയിരത്തിലേറെ ആരോഗ്യപ്രവർത്തകരും അത്രതന്നെ ആശാ-സന്നദ്ധ പ്രവർത്തകരും പിന്നെ ജില്ലാ ഭരണകൂടവും പോലീസുമാണ് കാസർകോട്ട് കോവിഡിനെ പിടിച്ചുകെട്ടിയത്. വിലമതിക്കാനാകാത്ത വിയർപ്പുതുള്ളികൾ. മാർച്ച് 16 മുതൽ ഏപ്രിൽ 30 വരെ 178 കോവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ടുചെയ്തു. കേരളത്തിൽ ഏറ്റവും കൂടുതൽ. 106 പേർ വിദേശത്തുനിന്നായിരുന്നു. 69 പേർക്കേ സമ്പർക്കം മൂലം രോഗം വന്നുള്ളൂ. മേയ് പത്തിന് അവസാനത്തെ രോഗിയും സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. രോഗികളിൽ 81 വയസ്സുകാരിയുണ്ടായിരുന്നു. മറ്റുനാലുപേർ 60 കഴിഞ്ഞവർ. 16 കുട്ടികളുണ്ടായിരുന്നു. ആർക്കും മരണം സംഭവിച്ചില്ല. അതാണ് കോവിഡ് പ്രതിരോധത്തിൽ ലോകത്തിനു മാതൃകയായ കാസർകോട് മോഡൽ. ഹെൽപ് ഡെസ്കിന്റെ വില കോവിഡ് ലോകമെമ്പാടും പടരുകയും ഗൾഫിൽനിന്നും ഇറ്റലിയിൽനിന്നും കൂടുതൽ പേർ നാട്ടിലെത്തുകയും ചെയ്തതോടെ വിദേശത്തുനിന്നെത്തുന്ന എല്ലാവരും തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ ഡോ. ഡി. സജിത് ബാബു ഉത്തരവിറക്കി. ആയുർവേദ-ഹോമിയോ-സ്വകാര്യ ആശുപത്രികളടക്കം എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കും സൂം ആപ്പിലൂടെ മുൻകരുതലുകളെക്കുറിച്ച് പരിശീലനം നൽകി. തൊട്ടുപിന്നാലെ പഞ്ചായത്തംഗവും ആശാ-ആരോഗ്യ-സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന വാർഡുതല ജാഗ്രതാ സമിതികൾ രൂപവത്കരിച്ചു. അവർക്കും പരിശീലനം നൽകി. വിദേശത്തുനിന്നെത്തിയവർ ക്വാറന്റൈൻ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും വേണ്ടുന്ന സഹായം ചെയ്തുകൊടുക്കാനുമായിരുന്നു അത്. ഇതോടൊപ്പം ക്വാറന്റൈനിൽ കഴയുന്നവരെ ആരോഗ്യകേന്ദ്രത്തിൽനിന്ന് നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു, എന്തെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് തിരക്കി. നേരത്തേ രജിസ്റ്റർ ചെയ്തിരുന്നതുകൊണ്ട് അവരെ ബന്ധപ്പെടാൻ പ്രയാസമുണ്ടായില്ല. അതിനുപിന്നാലെ വന്ന ഉത്തരവ് പരമ പ്രധാനമായിരുന്നു: എല്ലാ ആശുപത്രികളിലും ഹെൽപ് ഡെസ്ക് രൂപവത്കരിക്കണമെന്നും അത് ആശുപത്രിയുടെ പ്രധാന കവാടത്തിന് അടുത്തായിരിക്കണമെന്നും അവിടേക്കെത്തുന്നവർ ഹെൽപ് ഡെസ്ക് വഴിയേ പോകാവൂ എന്നും. കോവിഡ് ബാധയുള്ളവർ നേരെ ഒ.പി.യിലേക്ക് പോകുന്നതും ആരോഗ്യപ്രവർത്തകരുമായും മറ്റുരോഗികളുമായും നേരിട്ട് ഇടപെടുന്നതും ഒഴിവാക്കാനായിരുന്നു അത്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ കയറുംമുമ്പേ തിരിച്ചറിയാൻ മാത്രമല്ല, കുടുംബത്തിലാർക്കെങ്കിലും വിദേശയാത്രാ പശ്ചാത്തലമണ്ടോ എന്ന് മനസ്സിലാക്കാനും മുൻകരുതലോടെമാത്രം അവരെ സമീപിക്കാനും ഈ ഹെൽപ് ഡെസ്കുകൾ സഹായകമായി. ഇവ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കാസർകോട്ടും കാഞ്ഞങ്ങാട്ടുമായി രണ്ട് സ്ക്വാഡുകളയെും നിയോഗിച്ചു. സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കിയുള്ള മുന്നൊരുക്കങ്ങളുടെ ഗുണം മാർച്ച് 14-ന് കിട്ടി. ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോൾ പനിയെത്തുടർന്ന് ബന്ധുവിന്റെ കാറിൽ നേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുവന്ന കളനാട് സ്വദേശിയെ ഹെൽപ് ഡെസ്കിൽ പ്രാഥമിക പരിശോധന നടത്തിയപ്പോൾ നേരിയ മൂക്കൊലിപ്പുണ്ടെന്നു കണ്ടു. ഒ.പി.യിലേക്ക് വിടാതെ ജനറൽ ആശുപത്രിയിലേക്ക് വിട്ടു. കോവിഡ് രോഗികളുടെ സ്രവമെടുക്കാനുള്ള സംവിധാനം അവിടെയായിരുന്നു. സ്രവമെടുത്തശേഷം ഇദ്ദേഹത്തെ വീട്ടിലേക്ക് വിട്ടു. 16-നു ഫലം വന്നപ്പോൾ 'പോസിറ്റീവ്'. ഭാര്യയും കുഞ്ഞുമടക്കം 23 പേർക്ക് രോഗം വന്നത് ഇദ്ദേഹത്തിൽനിന്നാണ്. എത്രയോ ഇരട്ടിയാകുമായിരുന്നു ഈ മുൻകരുതലില്ലായിരുന്നെങ്കിൽ രോഗബാധ. സാമൂഹിക അകലം പാലിക്കാൻ വീട്ടുകാരെല്ലാവരും തന്നെ ശ്രദ്ധിച്ചു. പക്ഷേ, ഇദ്ദേഹം കൊണ്ടുവന്ന ബാഗ്, ഭാര്യ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും അത് പലരും കൈകാര്യം ചെയ്യുകയും ചെയ്തതുകൊണ്ടാണ് ഭാര്യവീട്ടിലെ 11 പേർക്ക് രോഗം വന്നതെന്ന് സംശയിക്കുന്നു. (തുടരും) വുഹാൻഎന്നറിഹേഴ്സൽ കോവിഡ് രോഗത്തെ കാസർകോട് കെട്ടുകെട്ടിച്ചതെങ്ങനെ എന്നു ചോദിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് തിരിച്ചുചോദിക്കും: ''ആരു പറഞ്ഞു കെട്ടുകെട്ടിച്ചെന്ന്? വ്യാപനസാധ്യത ഇപ്പോഴും നിലനിൽക്കുകയല്ലേ?'' ആരോഗ്യസംവിധാനത്തിന്റെ ഈ ജാഗ്രതയാണ് കോവിഡിനെ നിയന്ത്രിച്ചുനിർത്തുന്നത്. ഒരു വടംവലി മത്സരംപോലെ ആദ്യറൗണ്ടിൽ ഒരു സൈഡ് ജയിച്ചുനിൽക്കുന്നുവെന്നേ പറയാനാകൂ. ഇവിടെ ആരും ശ്വാസം വിട്ടിട്ടില്ല. പകരം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള ഒഴുക്കിനെ കൈകാര്യംചെയ്യാനുള്ള തത്രപ്പാടിലാണ്. ഓരോ വീട്ടിലും ആരൊക്കെ വിദേശത്തും ഇതര സംസ്ഥാനത്തുമുണ്ടെന്ന് കണ്ടെത്താനും നാട്ടിൽവരുന്ന ഉടനെ അവരെ ബന്ധപ്പെടാനുംവേണ്ടി വീടുവീടാന്തര സർവേ നടന്നുകഴിഞ്ഞു. ഔദ്യോഗികവും അല്ലാതെയുമായി ലക്ഷത്തോളം പ്രവാസികളുള്ള ജില്ലയാണിത്. വിശ്രമിക്കാൻ നേരമില്ല. കോവിഡ് നിയന്ത്രണത്തിന് പരിശോധന, ലോകാരോഗ്യസംഘടന ആവർത്തിക്കുമ്പോൾ മുൻകരുതലെടുക്കുക, പരിശോധിക്കുക, സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക എന്ന തത്ത്വമാണ് കാസർകോട് സ്വീകരിച്ചത്. അതിനുവേണ്ടുന്ന സാഹചര്യങ്ങൾ ഇവിടെ ഒത്തുവന്നു. വുഹാനിൽനിന്നുവന്ന മെഡിക്കൽവിദ്യാർഥിക്ക് ഫെബ്രുവരി മൂന്നിന് രോഗം സ്ഥിരീകരിച്ചത് ഇവിടെ റിഹേഴ്സലായി ഭവിച്ചു. സമ്പർക്കപ്പട്ടിക തയ്യാറാക്കാനും ഐസൊലേഷൻ വാർഡ് സജ്ജമാക്കാനും ചികിത്സാരീതികൾ രൂപപ്പെടുത്താനും അത് സഹായിച്ചു. വുഹാൻ വിദ്യാർഥിയുമായി ബന്ധപ്പെട്ട 189 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയത്. 106 പേരെ വീടുകളിലും അഞ്ചുപേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി, 28 പേരുടെ സ്രവം പരിശോധിച്ചു. അങ്ങനെ കോവിഡ് യുദ്ധത്തിനുവേണ്ട പരിശീലനം സ്വാഭാവികമായി കിട്ടി. ജനുവരി അവസാനം യു.എ.ഇ.യിൽ രോഗം സ്ഥിരീകരിച്ചപ്പോൾതന്നെ അത് കാസർകോട്ട് വരുന്നതിനുതുല്യമാണെന്ന് മനസ്സിലാക്കി ആരോഗ്യസേന മുന്നൊരുക്കം തുടങ്ങിയിരുന്നതായി കോവിഡ് പ്രവർത്തനം ഏകോപിപ്പിക്കുന്ന ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. എ.ടി. മനോജ് ഓർക്കുന്നു. രണ്ടാമത്തെ കേസ് മാർച്ച് 16-ന് റിപ്പോർട്ടു ചെയ്യുംമുമ്പുതന്നെ സർവസജ്ജ സൈന്യം ഫീൽഡിൽ നിരന്നിരുന്നു. Content Highlights:How Kasaragod model fought against coronavirus pandemic


from mathrubhumi.latestnews.rssfeed https://ift.tt/2WIJR5w
via IFTTT