Breaking

Thursday, May 14, 2020

അഞ്ചാം വിവാഹത്തിന് തൊട്ടുമുൻപ്‌ വിവാഹത്തട്ടിപ്പുകാരൻ കുടുങ്ങി

ഹരിപ്പാട്: അഞ്ചാം വിവാഹത്തിനൊരുങ്ങിയ ഡ്രൈവറെ നാലാം ഭാര്യ പോലീസിന്റെ സഹായത്തോടെ കുടുക്കി. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ്കുട്ടി (50) യാണ് പിടിയിലായത്. കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയുമായി ബുധനാഴ്ച വൈകീട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങിവന്നപ്പോഴാണ് ഇയാൾ നാലാമത് വിവാഹം കഴിച്ചിരുന്ന തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനി പോലീസുകാർക്കൊപ്പം സ്ഥലത്തെത്തിയത്. അറസ്റ്റിലായ ഖാലിദ്കുട്ടിയെ തൃശ്ശൂർ വടക്കേക്കാട് പോലീസിന്‌ കൈമാറി.വസ്തു ബ്രോക്കർ, സ്വന്തം ബിസിനസ്, ലോറി മുതലാളി തുടങ്ങിയ പല വേഷങ്ങളിലാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്. മുൻപത്തെ നാലുവിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.ഓൺലൈൻ വൈവാഹിക സൈറ്റുകൾ വഴിയാണ് നിർധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാൾ ബന്ധമുണ്ടാക്കുന്നതെന്ന് തട്ടിപ്പിനിരയായ തൃശ്ശൂർ സ്വദേശിനി പറഞ്ഞു. ഒന്നരവർഷം മുൻപാണ് ഇവരെ വിവാഹം കഴിച്ചത്. മൂന്നുമാസത്തിനുശേഷം എട്ടുപവന്റെ സ്വർണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തശേഷം മുങ്ങി. പെരിന്തൽമണ്ണയിൽ ബിസിനസാണെന്നാണ് ഈ യുവതിയെയും വീട്ടുകാരെയും ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർ വടക്കേക്കോട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈകേസിലാണ് പ്രതി ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യവെയാണ് ഖാലിദ്കുട്ടി ലോറി ഉടമയാണെന്ന് പറഞ്ഞ് അഞ്ചാം വിവാഹത്തിനൊരുങ്ങിയത്. കൊട്ടിയം സ്വദേശിനിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. തുടർന്ന് പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിലും വിവാഹത്തട്ടിപ്പു നടത്തി. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.കരീലക്കുളങ്ങര സി.ഐ. അനിൽ കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. സഞ്ജീവ് കുമാർ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എസ്.ആർ.ഗിരീഷ്, ഹോം ഗാർഡ് ജയറാം, ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2yKJwra
via IFTTT