Breaking

Monday, May 11, 2020

നാളെ മുതൽ തീവണ്ടിയോടും; ഇന്ന് വൈകിട്ട് നാലു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച യാത്രാതീവണ്ടി സർവീസുകൾ റെയിൽവേ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നു. ചൊവ്വാഴ്ചമുതൽ പ്രത്യേക യാത്രാ തീവണ്ടികളുടെ സർവീസ് തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തും. ഓൺലൈനിൽ മാത്രമായിരിക്കും ടിക്കറ്റ് വിതരണം. റിസർവേഷൻ തിങ്കളാഴ്ച വൈകീട്ട് നാലിന് തുടങ്ങും. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. യാത്രക്കാർ ഒരു മണിക്കൂർ മുമ്പെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തണം. യാത്രക്കാർ മുഖാവരണം ധരിക്കണമെന്ന നിബന്ധനയുണ്ട്. യാത്രയ്ക്ക് മുന്നോടിയായി ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. മടക്കയാത്ര ഉൾപ്പെടെ 30 സർവീസുകളാണ് ആദ്യഘട്ടത്തിൽ. എല്ലാ രാജധാനി റൂട്ടുകളിലും സർവീസുണ്ടാകും. മുഴുവൻ എ.സി. കോച്ചുകളുള്ള വണ്ടിയിലെ യാത്രയ്ക്ക് സൂപ്പർഫാസ്റ്റ് തീവണ്ടികളുടെ നിരക്കായിരിക്കും ഈടാക്കുക. എ.സി. കോച്ചിൽ പതിവുള്ള പുതപ്പുകളുംമറ്റും നൽകില്ല. മുൻകരുതലെന്നനിലയിൽ താപനില അല്പം ഉയർത്തിവെക്കും. ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ സെൻട്രൽ, ദിബ്രൂഗഢ്, അഗർത്തല, ഹൗറ, പട്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ. പരിമിതമായ തോതിൽ സ്റ്റോപ്പുകൾ അനുവദിക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ തുറക്കില്ല. പ്ലാറ്റ് ഫോം ടിക്കറ്റ് അടക്കം മറ്റൊരു ടിക്കറ്റും കൗണ്ടറുകളിൽ വിതരണംചെയ്യില്ല. സാധുതയുള്ള ഓൺലൈൻ ടിക്കറ്റുകളുമായി എത്തുന്ന യാത്രക്കാർക്ക് മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിൽ പ്രവേശനം. ആദ്യഘട്ടത്തിന് ശേഷം കോച്ചുകളുടെ ലഭ്യത അനുസരിച്ച് പുതിയ റൂട്ടുകളിൽ പുതിയ തീവണ്ടിസർവീസുകൾ ആരംഭിക്കും. കോവിഡ് ആരോഗ്യപരിപാലനകേന്ദ്രം ഒരുക്കാനായി 20,000 കോച്ചുകൾ മാറ്റി െവച്ചിട്ടുണ്ട്. കൂടാതെ മറുനാടൻ തൊഴിലാളികൾക്കായി 300 ശ്രമിക് തീവണ്ടികളും ഓടുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് കോച്ചുകളുടെ ലഭ്യത അടിസ്ഥാനമാക്കിയായിരിക്കും അടുത്തഘട്ടം യാത്രാതീവണ്ടികളുടെ സർവീസ് ക്രമീകരിക്കുക. Content Highlights: Limited Passenger Trains From Tomorrow, Online Bookings To Start Today


from mathrubhumi.latestnews.rssfeed https://ift.tt/3dvIcXN
via IFTTT