Breaking

Monday, May 11, 2020

രമ്യയും മൂന്നുവയസ്സുകാരി മകളും നട്ടംതിരിഞ്ഞത് ഏഴുമണിക്കൂർ

വാളയാർ: തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പാസുമായെത്തിയ, ആറുമാസം ഗർഭിണിയായ രമ്യയും മൂന്നരവയസ്സുള്ള മകൾ പ്രമിതിയും അതിർത്തി കടക്കാൻ വാളയാറിലെ പൊരിവെയിലത്ത് അലഞ്ഞത് ഏഴുമണിക്കൂർ. കേരളത്തിന്റെ പാസ് ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പ് സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇരുവരും തമിഴ്നാട്ടിലേക്കു മടങ്ങി. ഭാര്യയെയും മകളെയും കൂട്ടിക്കൊണ്ടുവരാൻ അതിർത്തിയിലെത്തി കാത്തുകിടന്നതാണ് മണ്ണാർക്കാട് കൊടക്കാട് സ്വദേശി പ്രദീപ്. കേരളത്തിലേക്കു വരാൻ ഗർഭിണിയെന്ന പരിഗണനയിലാണ് തമിഴ്നാട് അധികൃതർ സ്പെഷ്യൽ പാസ് നൽകിയത്. എട്ടുമുതൽ 11-ാം തീയതിവരെയാണ് സ്പെഷ്യൽ പാസിന്റെ കാലാവധി. രമ്യയും മകളും ഞായറാഴ്ച പുലർച്ചെ ആറിന് സ്വകാര്യ വാഹനത്തിൽ വാളയാർ ചാവടി പുഴപ്പാലത്തിനപ്പുറം പോലീസ് ഔട്ട് പോസ്റ്റിലെത്തി. ചാവടിപുഴ പാലത്തിനപ്പുറത്ത് തമിഴ്നാട് അതിർത്തിയിൽ സ്പെഷ്യൽ പാസ് പരിശോധിച്ചശേഷം പോലീസ് രമ്യയെയും പ്രമിതിയെയും കേരളത്തിലേക്കു കടക്കാൻ അനുവദിച്ചു. ഇരുവരും പാലംകടന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള വാളയാറിലെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധനാ സെല്ലിലെത്തി. ഇവിടെവെച്ച് പാസ് പരിശോധിച്ച ജീവനക്കാർ യുവതിക്കും കുട്ടിക്കും സംസ്ഥാനത്തേക്കു കടക്കാൻ അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. തമിഴ്നാടിന്റെ പ്രത്യേക പാസ് കിട്ടിയശേഷം കേരള അധികൃതരുെട പാസിനായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടും നിരസിക്കുകയായിരുന്നെന്ന് പ്രദീപ് പറഞ്ഞു. നിലവിലുള്ള പാസ് പ്രകാരം ഒമ്പത് മാസമെങ്കിലും ഗർഭമുള്ള സ്ത്രീകൾക്കേ യാത്രാനുമതി നൽകാനാവൂ എന്ന നിലപാടിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ഉറച്ചുനിന്നു. ഉച്ചയ്ക്ക് ഒന്നരയോടെ തിരിച്ചുപോകാൻ പോലീസ് ഇവർക്ക് നിർദേശം നൽകി. ഇരുവരെയും ചാവടി പുഴപ്പാലം കടത്തിവിടാൻ പോലീസ് പ്രദീപിന് അനുമതിയും നൽകി. ബന്ധുവീട്ടിൽനിന്നെത്തിയ വാഹനത്തിൽ രമ്യയും മകളും തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്കു മടങ്ങി.


from mathrubhumi.latestnews.rssfeed https://ift.tt/3fynOae
via IFTTT