Breaking

Friday, May 22, 2020

ജിംഗാനും ബ്ലാസ്‌റ്റേഴ്‌സും വഴിപിരിഞ്ഞു; 21-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ച് ക്ലബ്ബിന്റെ ആദരം

കൊച്ചി: മുൻ നായകനും പ്രതിരോധനിരതാരവുമായ സന്ദേശ് ജിംഗാനും കേരള ബ്ലാസ്റ്റേഴ്സും വഴിപിരിഞ്ഞു. താരം ക്ലബ്ബ് വിടുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജിംഗാനോടുള്ള ആദരസൂചകമായി ക്ലബ്ബ് അദ്ദേഹം അണിഞ്ഞിരുന്ന 21-ാം നമ്പർ ജേഴ്സി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ക്ലബ്ബ് വിട്ടുപോകുമ്പോൾ ജേഴ്സി പിൻവലിക്കുന്നത്. ജിംഗാന്റെ സംഭാവനകൾ എടുത്തുപറഞ്ഞ് ക്ലബ്ബ് ഉടമ നിഖിൽ ഭരദ്വാജാണ് ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചത്. 2014-ലെ ഐ.എസ്.എൽ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ജിംഗാൻ ആറു സീസണുകൾക്ക് ശേഷമാണ് വിടപറയുന്നത്. 76 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടി. ടീമിന്റെ നായകനുമായി. ആദ്യ സീസണിൽ എമേർജിങ് താരമായി. മുമ്പ് രണ്ടുതവണ ഇന്ത്യൻ ഫുട്ബോളിൽ ജേഴ്സികൾ വിരമിച്ചിട്ടുണ്ട്. രണ്ടും കളിക്കളത്തിൽ വീണുമരിച്ച താരങ്ങളോടുള്ള ആദരത്തിന്റെ ഭാഗമായിട്ടായിരുന്നു. 2004-ൽ ബ്രസീൽ താരം ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കളത്തിൽ കൂട്ടിയിടിച്ചുവീണ് മരിച്ചതോടെ ഡെംപോ ഗോവ അവരുടെ പത്താം നമ്പർ ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചു. 2014-ൽ ഗോളാഘോഷത്തിനിടെ മരിച്ച പീറ്റർ ബിയാക്സാങ്സുലയുടെ 21-ാം നമ്പർ ജേഴ്സി ഇനിയുണ്ടാകില്ലെന്ന് മിസോറം ക്ലബ്ബ് ബത്ലഹേം വെങ്ത്ലാങ്ങും അറിയിച്ചിരുന്നു. Content Highlights: isl Kerala Blasters has retired number 21 jersey worn by Sandesh Jhingan as a tribute


from mathrubhumi.latestnews.rssfeed https://ift.tt/2XnjgeD
via IFTTT