Breaking

Friday, May 22, 2020

ന്യായ് പദ്ധതി; 19 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നല്‍കി ഛത്തീസ്ഗഢ് സര്‍ക്കാര്‍

റായ്പുർ: രാജീവ് ഗാന്ധി കിസാൻ ന്യായ് പദ്ധതി പ്രകാരം കർഷകർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി ഛത്തീസ്ഗഢ് സർക്കാർ ആരംഭിച്ചു. 19 ലക്ഷത്തോളം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1500 കോടി രൂപ ആദ്യ ഗഡുവായി വ്യാഴാഴ്ച കൈമാറി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്ഷസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയിലാണ് പദ്ധതി തുടങ്ങിയത്. ഈ പദ്ധതി പ്രകാരം 14 വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്ന സംസ്ഥാനത്തെകർഷകർക്ക് 5,750 കോടി രൂപ നാല് തവണകളായി വിതരണം ചെയ്യും. ഇതുപ്രകാരം കരിമ്പ് കൃഷിക്കാർക്ക് ഏക്കറിന് 13,000 രൂപയും നെൽ കർഷകർക്ക് ഏക്കറിന് 10,000 രൂപയും ഗ്രാന്റായി ലഭിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പറഞ്ഞു. പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും പാർശ്വവത്കരിക്കപ്പെട്ട കർഷകർ, പട്ടികജാതി,പട്ടികവർഗക്കാർ, ഒബിസി, ദരിദ്ര വിഭാഗങ്ങൾ തുടങ്ങിയവരാകുമെന്നും ബാഘേൽപറഞ്ഞു. ഭൂരഹിതരായിട്ടുള്ള കർഷക തൊഴിലാളികളെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. അതിന്റെ വിശദമായ കർമപദ്ധതി തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മിനിമം വരുമാനം ഉറപ്പ് നൽകുന്ന ന്യായ് പദ്ധതി കോൺഗ്രസിന്റെ വാഗ്ദ്ധാനമായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിൽ ഇപ്പോൾ ആദ്യമായി നടപ്പാക്കിയിരിക്കുന്നു.ഛത്തീസ്ഗഢ് സർക്കാർ ഏർപ്പെടുത്തിയ രാജീവ് ഗാന്ധി കിസാൻ ന്യായ് പദ്ധതിക്ക് വീഡിയോ കോൺഫറൻസിലൂടെ സോണിയഗാന്ധിയാണ് തുടക്കമിട്ടത്. കർഷകരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതി അവരെ സ്വശ്രയത്വത്തിലേക്ക് നയിക്കുമെന്ന് സോണിയ പറഞ്ഞു. ഛത്തീസ്ഗഢിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും ന്യായ് പദ്ധതി നടപ്പാക്കിയേക്കും. Content Highlights:Nyay scheme-Chhattisgarh transfers Rs 1,500 cr to a/cs of 19 lakh farmers


from mathrubhumi.latestnews.rssfeed https://ift.tt/2ZpdCuW
via IFTTT