Breaking

Monday, May 11, 2020

1000 കി.മീ അകലെയുള്ള വീട്ടിലേക്ക് സൈക്കിളിൽ പോയ കുടിയേറ്റ തൊഴിലാളി പാതിവഴിയിൽ കാറിടിച്ച് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സ്വദേശമായ ബിഹാറിലേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളി കാറിടിച്ച് മരിച്ചു. ശനിയാഴ്ചയുണ്ടായ അപകടത്തിൽ ഇരുപത്താറുകാരനായ സഗീർ അൻസാരിയാണ് മരിച്ചത്. ഡൽഹിയിൽ നിന്ന് 1000 കിലോമീറ്റർ അകലെയുള്ള ചമ്പാരണിലേക്കാണ് ഇയാൾ സൈക്കിളിൽ മടങ്ങിയത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലിനഷ്ടപ്പെട്ട അൻസാരിയും സുഹൃത്തുക്കളും മെയ് അഞ്ചിനാണ് ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. ലഖ്നൗ വരെയുള്ള പകുതി ദൂരം താണ്ടാൻ ഇവർക്ക് അഞ്ച് ദിവസം വേണ്ടി വന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറിൽ ഇരിക്കുകയായിരുന്നു തൊഴിലാളികൾ. നിയന്ത്രണം വിട്ടെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം അൻസാരിയെ ഇടിക്കുകയായിരുന്നു. ലഖ്നൗ രജിസ്ട്രേഷനിലുള്ള കാറാണിതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഡിവൈഡറിൽ ഒരു മരം നട്ടുപിടിച്ചിരുന്നതിനാൽ അൻസാരിക്കൊപ്പമുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടം നടന്നയുടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അൻസാരി മരിച്ചു. കാർഡ്രൈവർ പണം നൽകാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അത് നിരസിച്ചതായി അൻസാരിയുടെ സുഹൃത്തുക്കൾ പറഞ്ഞു. സന്നദ്ധസംഘടനയും രാഷ്ട്രീയപ്രവർത്തകരും ചേർന്നാണ് അൻസാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലൻസിനുള്ള പണം സംഘടിപ്പിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അൻസാരിയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വ്യാഴാഴ്ചയുണ്ടായ മറ്റൊരപകടത്തിൽ ലഖ്നൗവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് 750 കിലോമീറ്റർ ദൂരം സൈക്കിളിൽ മടങ്ങിയ കുടിയേറ്റത്തൊഴിലാളിയും ഭാര്യയും വാഹനമിടിച്ച് മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ട്രാക്കിൽ കിടന്നുറങ്ങിയ 20 തൊഴിലാളികൾ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചിരുന്നു. Content Highlights: Migrant Cycling 1,000 Km Home Hit By Car In UP Dies


from mathrubhumi.latestnews.rssfeed https://ift.tt/2yKhLyO
via IFTTT