ലഖ്നൗ:എന്റെ പോക്കറ്റിൽ ഇനി പത്തുരൂപ മാത്രമേയുള്ളൂ. ആഗ്രയിൽ നിന്ന് ലഖ്നൗ വരെയെത്താൻ ട്രക്ക് ഡ്രൈവർക്ക് നാനൂറ് രൂപ കൊടുക്കേണ്ടി വന്നു. മുന്നോട്ടുപോകാൻ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. കുടിയേറ്റതൊഴിലാളിയായ ഓംപ്രകാശ് പറയുന്നു. ഉത്തർപ്രദേശിൽ നിർമാണ തൊഴിലാളിയാണ് ഓം പ്രകാശ്. ലോക്ക്ഡൗണിനെ തുടർന്ന് ജോലിനഷ്ടപ്പെട്ടു. കൈയിലെ പണമെല്ലാം തീർന്നതോടെയാണ് 1000 കിലോമീറ്റർ ദൂരെയുള്ള ബിഹാറിലെ ഗ്രാമത്തിലേക്ക് മടങ്ങാനായി ഓംപ്രകാശ് തീരുമാനിച്ചത്. ആഗ്ര വരെ 200 കിലോമീറ്റർ കാൽനടയായി എത്തിയ ഓം പ്രകാശിന് ആഗ്രയിൽ നിന്നാണ് ലഖ്നൗവിലേക്ക് ട്രക്ക് ലഭിക്കുന്നത്. ഓം പ്രകാശിനെ പോലെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ലഖ്നൗവിന് സമീപമുള്ള ടോൾ പ്ലാസയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്നത്. നാട്ടിലേക്ക് എങ്ങനെയെങ്കിലും മടങ്ങണമെന്ന ആഗ്രഹത്തോടെ. പലരും അവിടെ എത്തിയത് ട്രക്ക് ഡ്രൈവർക്ക് കനത്ത പ്രതിഫലം നൽകി ട്രക്കിൽ കയറിപ്പറ്റിയാണ്. പലരുടെ കൈയിലും ഇനി പണമില്ല. വീട്ടിലെത്തണമെങ്കിൽ നൂറുകണക്കിന് കിലോമീറ്ററുകൾ ഇനിയും താണ്ടണം. എന്നാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കുടിയേറ്റ തൊഴിലാളികളെ ട്രക്കിൽ കയറ്റുന്നവരുമുണ്ട്. ജോലിയും പണവുമില്ലാതെ വീട്ടിലേക്ക് മടങ്ങുന്നവരിൽ നിന്ന് പണം വാങ്ങുന്നതിന് എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല. ട്രക്ക് ഡ്രൈവറായ മഹേന്ദർ കുമാർ പറയുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കുടിയേറ്റ തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സർക്കാർ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ബസുകളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴും നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നും സൈക്കിൾ ചവിട്ടിയും സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ നിരവധിയാണ്. കഴിഞ്ഞ ആഴ്ച റെയിൽപാളത്തിലൂടെ കാൽനടയായി നാട്ടിലേക്ക് തിരിച്ച 16 കുടിയേറ്റ തൊഴിലാളികൾ ചരക്കുതീവണ്ടിയിടിച്ച് മരിച്ചിരുന്നു. ട്രക്കിൽ നാടുപിടിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ അഞ്ചുകുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. Content Highlights: Heartbreaking Story of migrant workers
from mathrubhumi.latestnews.rssfeed https://ift.tt/2WP3vN8
via
IFTTT