മലപ്പുറം : നാട്ടിലേക്ക് പെട്ടെന്നു വരാനാവില്ലെന്ന് ഉറപ്പായതോടെ ദുബായിലുള്ള പ്രവാസികൾക്ക് ദുബായ് കെ.എം.സി.സി. സുരക്ഷിത ഐസൊലേഷൻകേന്ദ്രം ഒരുക്കുന്നു. ജി.സി.സിയിലെത്തന്നെ ഏറ്റവുംവലിയ കേന്ദ്രമാണ് യു.എ.ഇയിലെ വർസാനിൽ കോവിഡ് ബാധിതർക്കായി ഒരുക്കുന്നത്. 32 വമ്പൻ ഫ്ളാറ്റുകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് കെ.എം.സി.സി. വൊളന്റിയർമാരാണ് പ്രവാസികൾക്കായി രാപകൽ അവിടെ ഓടിനടക്കുന്നതെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ്തങ്ങൾ പറഞ്ഞു. നാട്ടിലെത്താമെന്ന പ്രതീക്ഷയറ്റ കോവിഡ് ബാധിതർക്കും ബന്ധുക്കൾക്കും ഈ കേന്ദ്രം വലിയൊരാശ്വാസമാകും. സബീൽ പാലസ് ഡയറക്ടർ ഹാരിസ് ബിൻ സുബൈഹുമായി നടത്തിയ നിരന്തര ആശയവിനിമയത്തിന്റെ ഫലമായാണ് അൽവാസലിന്റെ അധീനതയിലുള്ള പണിതീർന്ന 32 കെട്ടിടങ്ങൾ കെ.എം.സി.സിക്ക് വിട്ടുനൽകിയത്. മുസ്തഫ ഉസ്മാൻ, അബ്ദുല്ല പൊയിൽ, അൻവർ അമീൻ, ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, അൻവർ നഹ, എളേറ്റിൽ ഇബ്രാഹിം, മുസ്തഫ വേങ്ങര, മുസ്തഫ തിരൂർ, പി.കെ. ഇസ്മയിൽ എന്നിവരാണ് ഇതിന് നേതൃത്വംനൽകിയത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ പിന്നീടങ്ങോട്ട് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു വർസാനിൽ ഓരോ ചുവടും. വെറും നാലുദിവസം കൊണ്ടുതന്നെ എല്ലാവിധ സൗകര്യത്തോടും കൂടിത്തന്നെ ആദ്യത്തെ അതിഥിയെ സ്വീകരിക്കാനായി. ആവശ്യമായ ഭക്ഷണം, വസ്ത്രം, കിടക്ക, കട്ടിൽ, തലയണ ചായപ്പൊടി, പഞ്ചസാര, കെറ്റിൽ, തോർത്ത്, സോപ്പ്, നഖംവെട്ടി, ബക്കറ്റ് തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾ മുഴുവൻ ഒരുക്കിയാണ് ഓരോ അതിഥിയെയും വരവേൽക്കുന്നത്. അഹോരാത്രം പണിയെടുക്കുന്ന ക്രൈസിസ് മാനേജ്മന്റ് ടീമിന്റെ വൈവദഗ്ധ്യം വിലമതിക്കാനാകാത്തതാണ്. പോരാത്തതിന് എന്താവശ്യത്തിനും ഓടിയെത്തുന്ന കെ.എം.സി.സി. പ്രവർത്തകരും. ജാതി-മത ഭേദങ്ങൾക്കപ്പുറത്തുള്ള ജീവകാരുണ്യപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. Content Highlight: KMCC arranged largest isolation centre in Dubai
from mathrubhumi.latestnews.rssfeed https://ift.tt/2RUs5uy
via
IFTTT