Breaking

Thursday, April 30, 2020

പ്രവാസി രാഷ്ട്രീയം: കരുക്കൾ നീക്കി ബി.ജെ.പി.യും

കൊച്ചി: പ്രവാസി വിഷയം ഏറ്റെടുക്കുന്നതിന് ബി.ജെ.പി.യും രംഗത്തിറങ്ങി. പ്രവാസികളുടെ പ്രശ്നങ്ങൾ പാർട്ടി നേരിട്ട് ഏറ്റെടുത്ത് പരിഹാരം കാണുന്നതിനാണ് ശ്രമിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ വരുംകാലങ്ങളിൽ കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയമായിരിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടൽ തന്നെയാണ് ബി.ജെ.പി.യും നടത്തുന്നത്.പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ അലംഭാവം കാട്ടുന്നുവെന്ന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങളുടെ കുറ്റപ്പെടുത്തലുകളെ രാഷ്ട്രീയമായി നേരിടാനും ബി.ജെ.പി. ശ്രദ്ധിക്കുന്നുണ്ട്.കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് കേന്ദ്രീകരിച്ച് കേരളത്തിൽനിന്നുള്ള പ്രവാസി പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയാണ്. ഗൾഫ് നാടുകളിൽനിന്നു മാത്രമല്ല, ബ്രിട്ടൻ, അമേരിക്ക, നെതർലൻഡ്സ്‌ തുടങ്ങി മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് നേരിട്ട് പരിഹാരം കാണുകയാണ്. മുരളീധരന്റെ ഓഫീസിൽ അതിനായി പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.പ്രവാസികളെ സഹായിക്കുന്നതിനായി ഒരാഴ്ചയിലധികമായി ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രവാസി ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലാ ഓഫീസുകൾക്ക് കീഴിലും പ്രത്യേക നമ്പറുകളും മറ്റും നൽകി പ്രവാസി സഹായത്തിനുള്ള കേന്ദ്രങ്ങൾ ഒരുക്കിവരികയാണ്. ജില്ലാ ഓഫീസുകളിൽ വിദേശത്തുനിന്നും മറ്റും കിട്ടുന്ന ഫോൺ സന്ദേശങ്ങൾ ഉടനെ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഓഫീസിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപെടലുകൾ സമൂഹത്തെ ബോധ്യപ്പെടുത്തി വേണമെന്ന് ബി.ജെ.പി.ക്ക് ആർ.എസ്.എസ്. നേരത്തെതന്നെ നിർദേശം നൽകിയിട്ടുണ്ട്. പ്രവാസി വിഷയത്തിലും പാർട്ടി നടത്തുന്ന ഇടപെടലുകൾ പിന്നീട് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് കരുക്കൾ നീക്കുന്നത്.പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ കേന്ദ്രസർക്കാർ അലംഭാവം കാട്ടുന്നുവെന്ന യു.ഡി.എഫ്. ആക്ഷേപത്തിന് രാഷ്ട്രീയമായി മറുപടി പറയാനും ബി.ജെ.പി. തയ്യാറാകുന്നുണ്ട്.യു.ഡി.എഫ്. പ്രവാസികൾക്കിടയിൽ ഭീതി പരത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ’മാതൃഭൂമി’യോട് പറഞ്ഞു. അവരിൽ ആശങ്കകൾ വളർത്തുന്ന വിധത്തിലുള്ള പ്രസ്താവനകളും ഇടപെടലുകളുമാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. വിദേശത്തുനിന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരണമെന്ന കാര്യത്തിൽ തർക്കമില്ല. അത് പക്ഷെ ഭീതി വിതച്ച് കൂട്ട പലായനത്തിന് ഇടയാക്കരുത്. യു.ഡി.എഫ്. അതിനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വിസയുടെ കാലാവധി തീർന്നവർ, ഗർഭിണികൾ, ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ തടുങ്ങി മുൻഗണനാക്രമം അനുസരിച്ച് വേണം വിദേശങ്ങളിൽനിന്ന് കൊണ്ടുവരാനെന്നും സുരേന്ദ്രൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2KHliAe
via IFTTT