Breaking

Tuesday, April 28, 2020

കോവിഡ് റാപ്പിഡ് കിറ്റിലെ കൊള്ളലാഭം തടഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:കോവിഡ്-19 കണ്ടെത്താനുള്ള റാപ്പിഡ് പരിശോധനാ കിറ്റ് വിൽപ്പനയിൽ ഇടനിലക്കാരുടെ കൊള്ളലാഭം തടഞ്ഞ് ഡൽഹി ഹൈക്കോടതി. ഇറക്കുമതിക്കാരിൽനിന്ന് 400 രൂപയ്ക്കു വാങ്ങുന്ന കിറ്റ് 600 രൂപയ്ക്കാണ് ഇടനിലക്കാർ ഐ.സി.എം.ആറിനു നൽകുന്നത്. സ്വകാര്യ നേട്ടത്തെക്കാൾ പൊതുതാത്പര്യത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നു പറഞ്ഞ ഹൈക്കോടതി, കിറ്റുകൾ ഇനി 400 രൂപയ്ക്ക് സർക്കാരിനു നേരിട്ടുനൽകാൻ ഇറക്കുമതിക്കാരോടാവശ്യപ്പെട്ടു. അവരതിന് സമ്മതിച്ചു. റാപ്പിഡ് കിറ്റ് വിൽപ്പനയിലെ കൊള്ളലാഭത്തിനെതിരേ കോൺഗ്രസ് രംഗത്തെത്തി. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 150 ശതമാനത്തോളം ലാഭം കൊയ്യുന്നതിന്റെ ഉത്തരവാദിയാരെന്നു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. റാപ്പിഡ് കിറ്റിന്റെ മാത്രമല്ല പി.പി.ഇ. കിറ്റ്, വെന്റിലേറ്റർ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന്റെ പൂർണവിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു. ചൈനയിൽനിന്ന് കിറ്റ് ഇറക്കുമതി ചെയ്യുന്ന മട്രിക്സ് ലാബ്സും ഇന്ത്യയിലെ ഏക വിതരണക്കാരായ റെയർ മെറ്റബൊളിക്സും തമ്മിലുള്ള കേസ് ഡൽഹി ഹൈക്കോടതിയിലെത്തിയപ്പോഴാണ് കണക്കുകൾ വെളിച്ചത്തായത്. മുഴുവൻ പണവും മുൻകൂർ നൽകിയാലേ കരാർ പ്രകാരമുള്ള ബാക്കി റാപ്പിഡ് കിറ്റുകൾ നൽകൂവെന്ന മട്രിക്സിന്റെ നിലപാടിനെതിരേ റെയർ പരാതി നൽകുകയായിരുന്നു. ഐ.സി.എം.ആറിൽനിന്ന് ഫണ്ട് ലഭിച്ചശേഷമേ പണം നൽകാനാവൂ എന്നായിരുന്നു റെയറിന്റെ വാദം. ചൈനയിൽനിന്ന് 10 ലക്ഷം കിറ്റുകൾ വാങ്ങാൻ മാർച്ച് 25-നാണ് റെയർ താത്പര്യമറിയിച്ചത്. അതിനു പിന്നാലെ അഞ്ചു ലക്ഷം കിറ്റുകൾ ഒന്നിന് 600 രൂപ നിരക്കിൽ റെയറിൽനിന്നു വാങ്ങാൻ ഐ.സി.എം.ആർ. ഓർഡർ നൽകി. അതിൽ 2.76 ലക്ഷം കിറ്റുകൾ ഐ.സി.എം.ആറിനു നൽകിക്കഴിഞ്ഞു. ബാക്കി 2.24 ലക്ഷം കിറ്റുകൾ കൂടി ഉടൻ നൽകണമെന്നാണ് മട്രിക്സിനോട് റെയർ ആവശ്യപ്പെട്ടത്. ഇവ ഉടനെത്തുമെന്ന് മട്രിക്സ് അറിയിച്ചു. കരാർ പ്രകാരമുള്ള 10 ലക്ഷം കിറ്റുകളിൽ ബാക്കിയുള്ള അഞ്ച് ലക്ഷം കിറ്റുകൾക്ക് അവകാശവാദമുന്നയിക്കരുതെന്ന് റെയറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അത് 400 രൂപയ്ക്ക് സർക്കാരിനു നേരിട്ടു നൽകാമെന്ന് മട്രിക്സ് സമ്മതിച്ചു. ചരക്കുനീക്ക ചെലവുൾപ്പെടെ ഒരു കിറ്റ് ഇന്ത്യയിലെത്തിക്കാൻ 245 രൂപ ചെലവുണ്ടെന്ന് മട്രിക്സ് കോടതിയിൽ പറഞ്ഞു. അത് 400 രൂപയും ജി.എസ്.ടി.യും നൽകിയാണ് റെയർ വാങ്ങുന്നത്. തുടർന്ന് 600 രൂപയ്ക്ക് ഐ.സി.എം.ആറിനു വിൽക്കുന്നു. അഞ്ചുലക്ഷം കിറ്റിനായി ഐ.സി.എം.ആർ. ചെലവാക്കുന്ന 30 കോടി രൂപയിൽ 18.75 ലക്ഷവും കൊണ്ടുപോകുന്നത് ഇടനിലക്കാരായ റെയർ മെറ്റബൊളിക്സാണ്. 600 രൂപവെച്ച് 50,000 കിറ്റുകൾക്ക് തമിഴ്നാടും ഓഡർ നൽകിയിരുന്നു. ബാക്കിയുള്ള അഞ്ചുലക്ഷത്തിൽനിന്ന് 50,000 കിറ്റുകൾ തമിഴ്നാടിനു നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. Content Highlight: Delhi HC Caps Price Of coronavirus Rapid Test Kits


from mathrubhumi.latestnews.rssfeed https://ift.tt/2xdWZqB
via IFTTT