Breaking

Thursday, April 30, 2020

ആ വേദന അറിയാമെന്ന് യുവി; ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തില്‍ അനുശോചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡൽഹി: അന്തരിച്ച നടൻ ഇർഫാൻ ഖാന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഉൽപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇർഫാന്റെ വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് താരങ്ങൾ പറഞ്ഞു. ഇർഫാൻ ഖാന്റെ മരണവാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. എന്റെ ഇഷ്ട നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, സച്ചിൻ ട്വീറ്റ് ചെയ്തു. ഈ വേദന തനിക്ക് പരിചിതമാണെന്നായിരുന്നു അർബുദത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവ്രാജ് സിങ്ങിന്റെ ട്വീറ്റ്. ഈ യാത്ര എനിക്ക് പരിചിതമാണ്. ഈ വേദനയും. അവസാനം വരെ അദ്ദേഹം പൊരുതിയിരിക്കുമെന്ന് അറിയാം. അതിജീവിക്കാനുള്ള ഭാഗ്യം ചിലർക്ക് ലഭിക്കും. ചിലർക്ക് ഉണ്ടാകില്ല. ഇപ്പോൾ നിങ്ങൾ മെച്ചപ്പെട്ട ഒരിടത്തായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, യുവി കുറിച്ചു. ഇർഫാൻ ഖാന്റെ വിയോഗ വാർത്ത വലിയ ദുഃഖമുണ്ടാക്കി. എന്തൊരു അസാധാരണ പ്രതിഭയായിരുന്നു. വ്യത്യസ്ത കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ സ്പർശിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ക്യാപ്റ്റൻ വിരാട് കോലി ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ അവിസ്മരണീയ പ്രകടനം എല്ലായ്പ്പോഴും ആസ്വദിച്ചിട്ടുണ്ട്. നടനും കലാകാരനുമെന്ന നിലയിൽ നിങ്ങളുടെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിന്റെ പ്രാർഥനയ്ക്കൊപ്പം പങ്കു ചേരുന്നു, ശിഖർ ധവാൻ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ എം.പി കൂടിയായ ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, ആർ. അശ്വിൻ, മുഹമ്മദ് ഷമി, അനിൽ കുംബ്ലെ തുടങ്ങിയവരും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി. വൻകുടലിലെ അണുബാധയെത്തുടർന്നായിരുന്നു നടൻ ഇർഫാൻ ഖാന്റെ മരണം. അർബുദ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 53 വയസ്സായിരുന്നു. Content Highlights: members of Indian cricket team expressed their condolences on Irrfan Khan death


from mathrubhumi.latestnews.rssfeed https://ift.tt/3bRbcZA
via IFTTT