സുധീഷ് അഞ്ചേരി ശക്തൻ മീൻമാർക്കറ്റിൽ തൃശ്ശൂർ: നഗരത്തിലെ മീൻമാർക്കറ്റിൽ ചൂരയെ കഷണങ്ങളാക്കുന്ന സുധീഷിനെക്കണ്ട് മീൻ വാങ്ങാനെത്തിയ ഒരാൾ ചോദിച്ചു- 'സിനിമയുെട ഷൂട്ടിങ്ങിനായി ചെയ്യുന്നതാണോ?' മറുപടി ഇങ്ങനെ- 'അല്ല, ലോക്ഡൗൺ കാലത്ത് മനസ്സും വരുമാനവും ഡൗണാകാതിരിക്കാനുള്ള ജോലി.' മാർക്കറ്റിലെത്തുന്നവർക്ക് സുധീഷിനോട് നൂറുകൂട്ടം ചോദ്യങ്ങളാണ്- 'പഞ്ചവർണത്തത്ത'യിലും 'ഞാൻ മേരിക്കുട്ടി'യിലും 'ശക്തൻ മാർക്കറ്റി'ലുമൊക്കെ അഭിനയിച്ച സുധീഷല്ലേ?, മിഷൻ ക്വാർട്ടേഴ്സിലെ സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിലെ സാറല്ലേ?, ടെലിവിഷനിലെ കോമഡി പരിപാടിയിലില്ലേ?, ആ കല്യാണവീട്ടിൽ പഴങ്ങളിലും പച്ചക്കറികളിലും കാർവിങ് നടത്തിയത് നിങ്ങളായിരുന്നില്ലേ? ചോദ്യങ്ങൾക്കെല്ലാം വിശദമായി ഉത്തരംനൽകാൻ നിന്നാൽ കൈ മുറിയും. മീൻ വൃത്തിയാക്കിക്കൊടുക്കൽ നടക്കുകയുമില്ല. അതിനാൽ 'അതേ' എന്ന് തലയാട്ടും. ഒരു കിലോ മീൻ വൃത്തിയാക്കി മുറിച്ചുനൽകിയാൽ 20 രൂപ കിട്ടും. ലോക്ഡൗൺ കാലത്തെ ഏക വരുമാനമിതാണെന്ന് പറയണമെന്ന് തോന്നും. പത്താംക്ലാസ് കഴിഞ്ഞയുടൻ സുധീഷ് ശക്തൻ മാർക്കറ്റിൽ മീൻവെട്ടുകാരനായതാണ്. ശിങ്കാരിമേളവും വരയും കാർവിങ്ങും മിമിക്രിയും അഭിനയവുമായതോടെ മീൻവെട്ടലിന് സമയമില്ലാതായി. കൊച്ചിൻ സ്റ്റാർ മീഡിയാസ് എന്ന ട്രൂപ്പുണ്ടാക്കി സുധീഷ് അഞ്ചേരി എന്നപേരിൽ കോമഡി പരിപാടികളിൽ സജീവമായി. ഇതിനിടെ മിഷൻ ക്വാർട്ടേഴ്സിലെ സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിൽ ചിത്രകലാ അധ്യാപകനായി. ഹൈസ്കൂളിൽ ക്രാഫ്റ്റും സ്കിറ്റും പഠിപ്പിക്കുന്നു. പത്ത് സിനിമകളിൽ വേഷമിട്ടു. 'പുത്തരിക്കണ്ടം' എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ലോക്ഡൗൺ വന്നത്. ഇപ്പോൾ രാവിലെ ശക്തൻമാർക്കറ്റിലെ പണി. അതാണ് വരുമാനം. അതിനുശേഷം പെരുവാൻകുളങ്ങരയിലെ വീട്ടിലിരുന്ന് ഓൺലൈനിലൂടെ കുട്ടികളെ സൗജന്യമായി ചിത്രംവര പഠിപ്പിക്കും. അതാണ് വിനോദം. ചേട്ടൻ സുനിലിന് ശക്തൻ മാർക്കറ്റിൽ കോഴിവെട്ടലാണ് പണി. നഴ്സായ സഹോദരി സിന്ധു വിവാഹിതയാണ്. കൂലിപ്പണിക്കാരായ വേലായുധനും മണിയുമാണ് മാതാപിതാക്കൾ. Content Highlight: There is no acting or teaching: Sudheesh is cleaning the fish
from mathrubhumi.latestnews.rssfeed https://ift.tt/2ztcMCv
via
IFTTT