Breaking

Monday, April 27, 2020

ചൂളംവിളി നിലച്ചിട്ട് ഒരുമാസം... ജീവിതം മാറി സുമതിയമ്മ

കൊച്ചി: രാവിലെ ആറുമണിക്കുള്ള ചെന്നൈ മെയിൽ, എട്ടുമണിക്കുള്ള ഷൊർണൂർ പാസഞ്ചർ, ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ള പരശുറാം എക്സ്പ്രസ്, രാത്രി പന്ത്രണ്ടിനുള്ള മലബാർ എക്സ്പ്രസ്... ക്ലോക്കിനേക്കാൾ കൃത്യമായി സുമതിയമ്മയുടെ മനസ്സിൽ പതിഞ്ഞിരുന്ന ജീവിതതാളം. ആ തീവണ്ടികളുടെ ചൂളംവിളികളാണ് സുമതിയമ്മയുടെ ദിനരാത്രങ്ങളിലെ ഓരോ കാര്യവും അടയാളപ്പെടുത്തിയിരുന്നത്. രാവിലെ അടുക്കളയിലിരുന്ന് കട്ടൻചായ ഊതിക്കുടിക്കുമ്പോഴും ദോശചുടുമ്പോഴും വരാന്തയിലിരുന്ന് പേരക്കുട്ടിക്ക് ഭക്ഷണം വാരിക്കൊടുക്കുമ്പോഴുമൊക്കെ ക്ലോക്കിൽ നോക്കാതെ സുമതിയമ്മ സമയം അറിഞ്ഞിരുന്ന 'അലാറ'ങ്ങൾ... രാത്രിയിൽ ഒരു താരാട്ടുപോലെ സുമതിയമ്മയെ ഉറക്കിയിരുന്ന സ്വരങ്ങൾ... ലോക്ക്ഡൗൺ മൂലം ഇതെല്ലാം നിലച്ചിട്ട് ഒരുമാസം പിന്നിടുമ്പോൾ സുമതിയമ്മ പറയുന്നു: ''ജീവിതം ഇങ്ങനെ മാറുമെന്ന് ഒരിക്കലും കരുതിയതല്ല...'' കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിൽ ജനങ്ങൾക്കുവന്ന ഒരുപാട് മാറ്റങ്ങളിൽ കൗതുകകരമായ ഒന്നാണ് തീവണ്ടിപ്പാതകളുടെ അരികിൽ താമസിക്കുന്നവരുടെ ജീവിതം. ആലുവ ചൊവ്വര റെയിൽവേ സ്റ്റേഷന്റെ അരികിൽ താമസിക്കുന്ന 73-കാരിയായ സുമതിയമ്മ പങ്കുവെക്കുന്നതും ആ ജീവിതമാറ്റമാണ്. ''തീവണ്ടിപ്പാതയുടെ അരികിലുള്ള ഈ വീട്ടിലാണ് ജനിച്ചുവളർന്നത്. കഴിഞ്ഞ 73 വർഷമായി ഞാൻ തീവണ്ടിയുടെ താളംകേട്ടാണ് ജീവിച്ചിരുന്നത്. ജനിച്ചനാൾ മുതൽ കാണുന്ന തീവണ്ടികൾ ഓടാതിരിക്കുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല... പക്ഷേ, ഈ ലോക്ക്ഡൗൺകാലത്ത് അതും സംഭവിച്ചു. തീവണ്ടികൾ ഓടാതായതോടെ ഈ പാളങ്ങൾ വല്ലാതെ നിശ്ശബ്ദമായിപ്പോയി. എന്നും ഞാൻ ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ കൃത്യമായ ഇടവേളകളിൽ കാതിലേക്ക് എത്തിയിരുന്ന തീവണ്ടികളുടെ സ്വരം പെട്ടെന്ന് നിലച്ചപ്പോൾ ജീവിതത്തെ അതു വല്ലാതെ ബാധിച്ചിരുന്നു...'' -തീവണ്ടി വരാത്ത റെയിൽപ്പാളത്തിലൂടെ കൊച്ചുമകൻ ശിവനന്ദന്റെ കൈപിടിച്ചു നടക്കുമ്പോൾ സുമതിയമ്മ പറഞ്ഞു. ഒരു ദിവസം നൂറിലേറെ തീവണ്ടികൾ കടന്നുപോകുന്ന പാളത്തിനരികിലെ വീട്ടിൽ നിശ്ശബ്ദതയുടെ തടവുകാരിയായിരിക്കുന്ന തന്നെപ്പോലെ ഒരുപാടു പേർ ഉണ്ടാകുമെന്നും സുമതിയമ്മ പറഞ്ഞു. ''ശീലങ്ങൾ മാറുന്നത് എങ്ങനെയെന്ന് അനുഭവിപ്പിക്കുന്നതാണ് ഈ ലോക്ക്ഡൗൺകാലം. തീവണ്ടിയുടെ സ്വരം കേൾക്കാത്തതിൽ ആദ്യം പ്രയാസം തോന്നിയെങ്കിലും ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടുവരികയാണ് ഞാൻ. എന്നെപ്പോലെ എത്രയോപേർ ഇതുപോലെ തീവണ്ടിപ്പാതകളുടെ അരികിൽ താമസിക്കുന്നുണ്ട്. അവരെയെല്ലാവരേയും ഇതുപോലെ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടാകില്ലേ...?'' -ചോദ്യത്തിന് ഉത്തരം കേൾക്കാനെന്നപോലെ സുമതിയമ്മ ഒരുനിമിഷം മൗനിയായി നിന്നു. പിന്നെ, പേരക്കുട്ടിയുടെ കൈപിടിച്ച് നടക്കുന്നതിനിടെ പറഞ്ഞു: ''ഇതിനിടെ മറ്റൊരു കാര്യമുണ്ട്ട്ടോ, തീവണ്ടികൾ വരാത്തതുകൊണ്ട് കുഞ്ഞിന്റെ കൈപിടിച്ച് പേടിക്കാതെ പാളത്തിലൂടെ നടക്കാം...'' Content Highlight: Sumathi Ammas life changed when trains stopped at Lockdown


from mathrubhumi.latestnews.rssfeed https://ift.tt/2VZPj3A
via IFTTT