Breaking

Sunday, April 26, 2020

ഏകാന്തതയുടെ മുൾപടർപ്പിൽ ഒരു ബുള്ളറ്റിന്റെ കാത്തിരിപ്പ്...

കൊച്ചി: പാതിവഴിയിൽ മുറിഞ്ഞുപോയ പല യാത്രകളുടെ കഥകൂടി പറയുന്നുണ്ട് ഈ ലോക്ഡൗൺകാലം. അവയ്ക്കുമീതേ മറവിയുടെ പച്ചിലക്കാടുകൾ വന്നു മൂടിത്തുടങ്ങിയിരിക്കുന്നു. ഈ ബുള്ളറ്റ് അത്തരമൊരു യാത്രയുടെ ബാക്കിയാണ്. തിരുവനന്തപുരം വെള്ളായണി സ്വദേശി ആർ. ശ്രീജിത്തിന് നെട്ടൂരിലെ സായ് സർവീസ് സെന്ററിലാണു ജോലി. കുഞ്ഞുന്നാൾ മുതലേ ബുള്ളറ്റുകളെ സ്നേഹിക്കുന്നയാൾ. സുഹൃത്തായ മനോജിൽനിന്ന് ഒന്നരവർഷംമുമ്പ് സ്വന്തമാക്കിയതാണ് ഇപ്പോഴുള്ള വെള്ളിനിറമുള്ള വണ്ടി. കോവിഡ് പരന്നുതുടങ്ങിയ നാളുകളിൽ കൊച്ചിയിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി റെയിൽവേസ്റ്റേഷനിലേക്ക് പോയപ്പോഴും പ്രിയബുള്ളറ്റായിരുന്നു കൂടെ. മാർച്ച് 21-ന് രണ്ടാം പ്ലാറ്റ്ഫോമിലെ പാർക്കിങ് സ്ഥലത്ത് ബുള്ളറ്റ് െവച്ച് തിരുവനന്തപുരത്തേക്കുപോയ ശ്രീജിത്തിന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തിരികെ വരാനായില്ല. മാസം ഒന്നുപിന്നിട്ടു. ഒരുപാട് യാത്രകളിൽ സഹയാത്രികനായ ബുള്ളറ്റ് ചെടികൾ പടർന്ന് കയറി ഉടമയുടെ വരവുംകാത്തിരിക്കുകയാണ്. സൗത്ത് റെയിൽവേസ്റ്റേഷനുസമീപം യാദൃച്ഛികമായാണ് ഈ ബുള്ളറ്റ് ക്യാമറയിൽ പതിഞ്ഞത്. ഉടമയ്ക്കുവേണ്ടിയുള്ള അന്വേഷണവും ഒരു യാത്രയായിരുന്നു. മോട്ടോർവെഹിക്കിൾ വകുപ്പിന്റെ വെബ്സൈറ്റിൽനിന്നു കിട്ടിയ വിലാസത്തിനു പിന്നാലെ സഞ്ചരിച്ചപ്പോൾ എത്തിയത് ഒരുഫോൺനമ്പറിൽ. വിളിച്ചപ്പോൾ കിട്ടിയത് ആദ്യഉടമയായ മനോജിനെ. വണ്ടിവാങ്ങിയ ശ്രീജിത്തിന്റെ നമ്പർ മനോജിന്റെ കൈയിലുണ്ടായിരുന്നു. കാടുമൂടിയെങ്കിലും വാഹനം 'ജീവനോടെ'യുണ്ടെന്ന അറിവ് ശ്രീജിത്തിന് ആശ്വാസംപകരുന്നതായിരുന്നു. എന്ന് തിരിച്ചെത്താനാകുമെന്നോ എന്ന് പ്രിയപ്പെട്ട ബുള്ളറ്റിൽ യാത്രകൾ തുടരാനാകുമെന്നോ ശ്രീജിത്തിന് അറിയില്ല. വണ്ടിയെക്കുറിച്ചുള്ള വാക്കുകൾക്കിടയിലും ഒരു സങ്കടം ശ്രീജിത്ത് പങ്കുവെച്ചു. കൊച്ചിയിലെ പല ആശുപത്രികളിലെയും ആംബുലൻസുകളുടെ സർവീസ് ചുമതല സർവീസ് മാനേജറായ ശ്രീജിത്തിനാണ്. അവരൊക്കെ വിളിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അവശ്യഘട്ടത്തിലും സഹായിക്കാനാകുന്നില്ലല്ലോ എന്നത് ഈ യുവാവിനെ വളരെയേറെ വിഷമിപ്പിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3eP7uS5
via IFTTT