Breaking

Sunday, April 26, 2020

അബ്കാരി നിയമഭേദഗതി: മദ്യം വീട്ടുപടിക്കലെത്തിച്ചും വിൽക്കാം

തിരുവനന്തപുരം: അബ്കാരിച്ചട്ടത്തിൽ സർക്കാർവരുത്തിയ ഭേദഗതിയോടെ മദ്യം വീട്ടുപടിക്കൽ വിൽക്കാനുംകഴിയും. വെയർഹൗസുകൾക്കുമാത്രമല്ല ബിവറേജസ് ഔട്ട്ലെറ്റുകൾക്കും മദ്യംപുറത്തെത്തിച്ച് വിൽക്കാനുള്ള അനുമതിയാണ് പുതിയ ഭേദഗതിയിലൂടെ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപ്പന നടത്തില്ലെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഭാവിയിൽ മദ്യംപുറത്തെത്തിച്ച് വിൽക്കാൻ ഈ ഭേദഗതി സഹായകരമാണ്. എഫ്.എൽ. 1 ലൈസൻസുള്ള ഔട്ട്ലെറ്റുകൾക്കുമാത്രമാണ് മദ്യംകുപ്പിയോടെ വിൽക്കാൻ അനുമതിയുള്ളത്. ലോക്ഡൗണിൽ ഔട്ട്ലെറ്റുകൾ അടച്ചിട്ടിരുന്ന സമയത്താണ് ആൾക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം മദ്യംനൽകാൻ തീരുമാനിച്ചത്. വെയർഹൗസുകളിൽനിന്ന് മദ്യംനൽകാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വെയർഹൗസുകൾക്കുകൂടി മദ്യവിൽപ്പനയ്ക്ക് അനുമതി നൽകാനാണ് ചട്ടഭേദഗതിക്കു തീരുമാനിച്ചത്. വെയർഹൗസുകളെമാത്രം ഉദ്ദേശിച്ചുള്ള ഭേദഗതിയിൽ ഔട്ട്ലെറ്റുകളുംകൂടി ഉൾപ്പെട്ടു. മദ്യംവിൽക്കാൻമാത്രം അധികാരമുണ്ടായിരുന്ന ഔട്ട്ലെറ്റുകൾക്ക് ഇതോടെ മദ്യംപുറത്തെത്തിച്ച് വിൽക്കാനുള്ള അധികാരംകൂടിയായി. ഭേദഗതി പിൻവലിക്കാൻ തയ്യാറാകാത്തിടത്തോളം അടിയന്തരസാഹചര്യത്തിൽ ഔട്ട്ലെറ്റുകളിൽനിന്നു മദ്യംപുറത്തെത്തിച്ച് വിൽക്കാം. പ്രാദേശികമായ എതിർപ്പുകൾകാരണം തുറക്കാൻകഴിയാത്ത ബിവറേജസ് ഔട്ട്ലെറ്റുകളുണ്ട്. ഇവയ്ക്ക് മദ്യംപുറത്തെത്തിച്ച് വിൽക്കാൻ പുതിയ ഭേദഗതി സഹായകരമാകുമെന്നാണ് മദ്യവിരുദ്ധപ്രവർത്തകരുടെ ആരോപണം. വെയർഹൗസുകൾവഴി മദ്യവിൽപ്പനയില്ല ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. വെയർഹൗസുകളിൽ മദ്യംവിൽക്കാൻ കഴിയുന്നവിധത്തിൽ ചട്ടഭേദഗതി നടത്തിയെങ്കിലും അതുവഴി മദ്യവിൽപ്പന നടത്തില്ല. മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം മദ്യംനൽകാനുള്ള തീരുമാനപ്രകാരമാണ് ചട്ടഭേദഗതിക്കു നിർദേശിച്ചത്. ഹൈക്കോടതിവിധിയെ തുടർന്ന് മദ്യംനൽകുന്ന തീരുമാനത്തിൽനിന്നു സർക്കാർ പിൻമാറിയിരുന്നെങ്കിലും ചട്ടദേഗതിക്കുള്ള ശുപാർശ പരിഗണനയിൽ ഉണ്ടായിരുന്നു. ഇതാണ് ഉത്തരവായി ഇറങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപ്പന നടത്തില്ല -മന്ത്രി പറഞ്ഞു. Content Highlighlight: Govt amends Abkari act to allow liquor home delivery


from mathrubhumi.latestnews.rssfeed https://ift.tt/3bzFfEW
via IFTTT