Breaking

Sunday, April 26, 2020

സുനിതയുടെ അഞ്ചുസെന്റ് പുരയിടത്തില്‍ 70 നായ്‌ക്കള്‍, കൊറോണക്കാലത്ത് ഊട്ടുന്നത് 90 എണ്ണത്തെ

തൃശ്ശൂർ: അഞ്ചുസെന്റ് പുരയിടത്തിൽ ഉള്ളത് 70 നായ്ക്കൾ. ഇതിൽ നാലെണ്ണം പ്രായമായവ, 14 എണ്ണം അസുഖങ്ങൾ ബാധിച്ചവ, ഒമ്പത് കുട്ടികൾ... തളിക്കുളം പത്താംകല്ല് മങ്ങാട്ടുവീട്ടിൽ സുനിതയുടെ ഓലവീട് നായ്ക്കളുടെ അനാഥാലയമായി മാറിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവയാണ് പലതും. അന്തിക്കാട്ടുവെച്ച് വാഹനം കയറി നട്ടെല്ല് തകർന്ന കുട്ടു ഇതിലൊരുവൻ. ഇഴഞ്ഞുനീങ്ങാൻ മാത്രമേ ഇവനു സാധിക്കൂ. റോഡരികിൽ കിടന്ന ഇവന്റെ ദേഹത്തേക്ക് കരുതിക്കൂട്ടി വാഹനം കയറ്റുകയായിരുന്നുവെന്നാരോപിച്ച് മൃഗസ്നേഹികൾ കേസ് നൽകിയിരുന്നു. കൂടാതെ ഇരുപതോളം തെരുവുപട്ടികൾക്ക് പലഭാഗങ്ങളിലായി ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്യുന്നു. ഒരുദിവസം വീട്ടിലെയും തെരുവിലെയും നായ്ക്കൾക്കായി 15 കിലോ അരിയുടെ ചോറ് വേണം. പലരുടെയും സഹായത്തോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. അമ്പത് നായ്ക്കുട്ടികളെ പലരും കൊണ്ടുപോയി, സൗജന്യമായി. ലോക്ഡൗൺ തുടങ്ങിയപ്പോഴാണ് തെരുവിലെ പട്ടികൾക്കും ഭക്ഷണം നൽകണമെന്ന സ്ഥിതിയുണ്ടായത്. അവയ്ക്ക് വൈകുന്നേരമാണ് ഭക്ഷണം കൊടുക്കുക. സുനിതയും അനുജത്തി സുചിത്രയും സ്കൂട്ടറിലെത്തി ഓരോ കവലയിലും ചെന്നാണ് തീറ്റ നൽകുക. സുനിത എൽ.ഐ.സി. ഏജന്റാണ്. ഭർത്താവ് സിന്റോ ഓട്ടോഡ്രൈവറും. ചെറുവരുമാനക്കാരായ ഇവർ മറ്റുള്ളവരുടെ സഹായത്തോടെയാണ് തെരുവുനായ്ക്കളെ സംരക്ഷിക്കുന്നത്. മറ്റൊരു വഴിയും ഇല്ലാതെ മരിക്കാറായവയെ മാത്രമാണ് ഇവർ ഏറ്റെടുക്കാറ്. മൃഗസ്നേഹികളായ സാലിവർമയും ബി.എം. നായിക്കുമെല്ലാം ഇവർക്ക് സഹായങ്ങളുമായി എത്താറുണ്ട്. ഭക്ഷണത്തിനായുള്ള അരി സംഘടിപ്പിക്കാനും പാചകം ചെയ്യാനുള്ള പാത്രം സംഘടിക്കാനും മുന്നിട്ടിറങ്ങിയത് ഇവരായിരുന്നു. മുമ്പ് നായ്ക്കൂട് നിർമിച്ചുനൽകിയതും സാലിവർമയുടെ നേതൃത്വത്തിലായിരുന്നു. Content Highlight: 70 dogs in Sunitas five cent home


from mathrubhumi.latestnews.rssfeed https://ift.tt/3bPYD0N
via IFTTT