Breaking

Thursday, April 30, 2020

കൊല്ലത്തെ യുവതിയുടെ മൃതദേഹം പാലക്കാട്ടെ ചതുപ്പില്‍

പാലക്കാട്: കൊല്ലം മുഖത്തലയിൽനിന്ന് കാണാതായ ബ്യൂട്ടീഷ്യൻ പരിശീലകയായ യുവതിയുടെ മൃതദേഹം പാലക്കാട്ട് ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു. മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ ശിവദാസൻപിള്ളയുടെ മകൾ സുചിത്ര പിള്ളയാണ് (42) കൊല്ലപ്പെട്ടത്. കോഴിക്കോട് പേരാന്പ്ര ചങ്ങരോത്ത് സ്വദേശിയും പാലക്കാട് കോങ്ങാട് സ്വകാര്യസ്കൂളിലെ പിയാനോ അധ്യാപകനുമായ എസ്. പ്രശാന്തിനെ (32) കൊല്ലം ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടിനുപിന്നിലെ മതിലിനോടുചേർന്നുള്ള ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പാലക്കാട് നഗരത്തോടുചേർന്ന് മണലി ശ്രീറാംനഗർ കോളനിയിലെ വാടകവീട്ടിലാണ് പ്രശാന്ത് താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ മാർച്ച് 20-ന് കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. പ്രശാന്തുമായി ബുധനാഴ്ച പുലർച്ചെയാണ് കൊല്ലം എ.എസ്.പി. ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട്ടെത്തിയത്. അതിനുമുമ്പുതന്നെ ഈ വീട് പരിശോധിച്ച് പോലീസ് സംഘം സീൽ ചെയ്തിരുന്നു. രാവിലെ 11 മണിയോടെ പാലക്കാട് പോലീസിന്റെ സഹായത്തോടെ സംഘം തെളിവെടുപ്പിനായി പ്രശാന്തുമായി വാടകവീട്ടിലെത്തി. വൻ പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വീടിന്റെ ഇടതുവശത്തുകൂടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്കാണ് എത്തിയത്. പൊന്തക്കാടുകൾ വളർന്ന ഭാഗം പ്രശാന്ത് തന്നെ പോലീസിന് കാണിച്ചുകൊടുത്തു. മൂന്ന് തൊഴിലാളികൾ ഒരു മണിക്കൂറിലേറെയെടുത്താണ് മൃതദേഹം പുറത്തെടുത്തത്. ഈ സമയത്ത് പ്രശാന്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ പോലീസ് സംഘത്തിന് നടുവിൽ നിൽക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം മതിലിനപ്പുറമുള്ള ചതുപ്പിൽ കുഴിച്ചിടുകയായിരുന്നെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് പെട്രോളൊഴിച്ച് കത്തിക്കാനും കാൽ മുറിച്ചുമാറ്റാനും ശ്രമിച്ചതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്. കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസ് വ്യക്തമാക്കിയില്ല. ഇരുവരും തമ്മിൽ നേരത്തേമുതൽ ബന്ധമുണ്ടായിരുന്നെന്നും ഇടയ്ക്കുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സൂചനയുണ്ട്. മരിച്ച യുവതി പ്രശാന്തിന്റെ അകന്ന ബന്ധുവാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാർച്ച് 17-ന് സുചിത്ര ആലപ്പുഴയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് മുഖത്തലയിലെ സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിയിരുന്നു. അടുത്ത രണ്ടുദിവസം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺവിളി നിലച്ചു. ഇതോടെ മാർച്ച് 20-ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാലക്കാട്ട് താമസിക്കുന്ന പ്രശാന്തിലേക്ക് അന്വേഷണം നീളുന്നത്. മാർച്ച് 20-ന് സുചിത്ര കൊല്ലപ്പെട്ടിരിക്കാമെന്ന് കേസിന്റെ മേൽനോട്ടച്ചുമതലയുള്ള എ.എസ്.പി. ജോസി ചെറിയാൻ പറഞ്ഞു. ഇതിനായി പ്രശാന്ത് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നെന്നും പോലീസ് കരുതുന്നു. വാടകവീട്ടിൽ ഒപ്പം താമസിച്ചിരുന്ന മാതാപിതാക്കളെ ഇവിടെനിന്ന് മറ്റൊരിടത്തേക്ക് മാറ്റി. കൊലപാതകത്തിനുശേഷം പെട്രോൾ വാങ്ങിയിരുന്നതായും വീട് വൃത്തിയാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. പിന്നീടാണ് അച്ഛനെയും അമ്മയെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി. ഗോപകുമാറിനാണ് അന്വേഷണച്ചുമതല. ഏഴുമാസമായി പ്രശാന്ത് ശ്രീറാം നഗറിലാണ് വാടകയ്ക്ക് താമസിക്കുന്നത്. Content Highlight: Woman who went missing from Kollam found dead in Palakkad


from mathrubhumi.latestnews.rssfeed https://ift.tt/2SgQV7W
via IFTTT