Breaking

Thursday, April 30, 2020

സ്വകാര്യ ന്യൂനപക്ഷസ്ഥാപനങ്ങൾക്കും നീറ്റ് ബാധകം -സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും 'നീറ്റ്' പരീക്ഷ ബാധകമാക്കുന്നതിൽ മൗലികാവകാശ ലംഘനമില്ലെന്ന് സുപ്രീംകോടതി. സ്വകാര്യ അൺ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്., എം.ഡി., ബി.ഡി.എസ്., എം.ഡി.എസ്. കോഴ്സുകൾക്കും ദേശീയ യോഗ്യതാ പ്രവേശനപരീക്ഷ (നീറ്റ്) ബാധകമാണെന്ന് കോടതി പറഞ്ഞു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജുമായി (സി.എം.സി.) ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. തങ്ങൾക്കും 'നീറ്റ്' ബാധകമാക്കിയത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതിക്കാരുടെ വാദം. 1956-ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ പത്താം (ഡി.) വകുപ്പ് ഭേദഗതി ചെയ്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്. എല്ലാ സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും അവരുടേതായ പ്രവേശന പരീക്ഷകളുണ്ടെന്നായിരുന്നു വാദം. എന്നാൽ, 'നീറ്റ്' ബാധകമാക്കിയാലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു. 2011-ൽ നീറ്റ് നിർബന്ധമാക്കിയതുമുതൽ വെല്ലൂർ സി.എം.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അതിനെ എതിർത്തുവരുകയാണ്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്നാണു കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചത്. നീറ്റ് നടപ്പാക്കിയ ആദ്യവർഷം പ്രവേശനത്തിന് അത് പിന്തുടരേണ്ടതില്ലെന്ന് സി.എം.സി. തീരുമാനിച്ചിരുന്നു. അടുത്തവർഷവും തമിഴ്നാട് സർക്കാരിൽനിന്ന് ഇളവ് നേടിക്കൊണ്ട് 'നീറ്റ്' ഒഴിവാക്കി പ്രവേശനം നടത്തി. 'നീറ്റി'നെ തങ്ങൾ എതിർക്കുന്നില്ലെന്നും എന്നാൽ, സ്വന്തം നിലയിൽ കൗൺസലിങ് നടത്താൻ അവകാശമുണ്ടെന്നുമാണ് സി.എം.സി.യുടെ നിലപാട്. പ്രവേശനത്തിനു തങ്ങളുടേതായ മാനദണ്ഡമുണ്ടെന്നും ഗ്രാമീണമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകിയിരുന്നതായും സി.എം.സി. പറഞ്ഞു. 'നീറ്റ്' വഴിയാണെങ്കിൽ വിദ്യാർഥികളുടെ താത്പര്യം മനസ്സിലാക്കാൻ അഭിമുഖം നടത്താനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ ക്രമക്കേടുകൾ ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കാൻ നീറ്റ് ആവശ്യമാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 19(1)(ജി) അനുച്ഛേദപ്രകാരമുള്ള അവകാശങ്ങൾ (ഇഷ്ടമുള്ള ജോലിചെയ്യാനുള്ള സ്വാതന്ത്ര്യം) സമ്പൂർണമല്ല. വിദ്യാർഥികളുടെ മികവ് അടിസ്ഥാനമാക്കി ക്രമക്കേടുകൾ ഇല്ലാതാക്കാൻ യുക്തമായ നിയന്ത്രണങ്ങളാകാം. ഏകീകൃത പ്രവേശനപരീക്ഷ നടത്തുന്നത് നീതിയുക്തമാണ്. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ ക്രമക്കേടുകൾ ഇല്ലാതാക്കാനും യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനും അതാവശ്യമാണ്. ഭാഷാ, മത ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള മൗലികാവകാശം ഭരണഘടനയിലെ മറ്റുഘടകങ്ങൾക്ക് വിരുദ്ധമല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണകാര്യത്തിൽ സർക്കാർ ഇടപെടലിനു പരിധിയുണ്ടെങ്കിലും നീതിയുക്തമായ നിയന്ത്രണങ്ങളാകാമെന്നും കോടതി വിധിച്ചു. Content Highlights:supreme court order on neet


from mathrubhumi.latestnews.rssfeed https://ift.tt/3aQVCvy
via IFTTT