Breaking

Sunday, April 26, 2020

പോസിറ്റീവായി 37-ാം ദിവസം; എല്ലാം ശരിയാകുമെന്ന് എം.ബി.എ. വിദ്യാർഥി

കൊച്ചി: ഐസൊലേഷൻ വാർഡിലെ ജീവിതത്തിൽ ഉറക്കത്തിന് കൃത്യമായി പ്ലാനുകൾ തയ്യാറാക്കുന്നില്ലെങ്കിലും മൊബൈൽ ഡേറ്റ ഉപയോഗം കൃത്യമായി പാലിക്കുകയാണ് ഈ 22-കാരൻ. കൊറോണ പോസിറ്റീവായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽക്കഴിയുകയാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ ഇദ്ദേഹം. ''37 ദിവസമായി കൊറോണബാധയുമായി ഐസൊലേഷൻ വാർഡിൽ കഴിയുന്നു. പേടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ, നെഗറ്റീവാകാനായുള്ള കാത്തിരിപ്പാണിപ്പോള്'' -അദ്ദേഹം പറയുന്നു. യു.കെ.യിൽ എം.ബി.എ.ക്കു പഠിക്കുന്ന യുവാവും സുഹൃത്തുക്കളും അവധി ആരംഭിച്ചതിനെത്തുടർന്നാണ് നാട്ടിലേക്കു തിരിച്ചത്. മാർച്ച് 17-ന് യു.കെ.യിൽനിന്ന് ദുബായ് വഴി 18-നു രാവിലെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പനി ഉണ്ടായതിനെത്തുടർന്ന് എല്ലാവരെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. ''സാംപിൾ പരിശോധനയിൽ സുഹൃത്തുക്കളായ ഞങ്ങൾ മൂന്നുപേരും പോസിറ്റീവായി. 15 ദിവസം ആയപ്പോഴേക്കും അവർ നെഗറ്റീവായി ആശുപത്രിവിട്ടു. ഇപ്പോൾ 37 ദിവസമായി. പത്തുപ്രാവശ്യം പരിശോധനയ്ക്ക് അയച്ചതിൽ ഒരുപ്രാവശ്യം മാത്രമാണ് നെഗറ്റീവായത്. ചിലസമയങ്ങളിൽ നല്ല പേടിതോന്നിയിരുന്നു. ഓരോരുത്തരുടെ പ്രതിരോധശേഷിക്കനുസരിച്ചാണ് രോഗം ഭേദമാകുകയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പനിയും ചുമയുമെല്ലാം മാറിയെങ്കിലും വയറിളക്കം ഇപ്പോഴുമുണ്ട്. ഞാനാണെന്നു തോന്നുന്നു, ഏറ്റവും കൂടുതൽ ദിവസം ഇവിടെ കിടന്നിട്ടുള്ളത്'' -യുവാവ് പറയുന്നു. ''നെഗറ്റീവായാൽ ഉപ്പയെയും ഉമ്മയെയും കാണണം, ഉമ്മയുടെ ബീഫ് ബിരിയാണി കഴിച്ച് സുഖമായി ഉറങ്ങണം. എല്ലാദിവസവും രാവിലെ മുറി വൃത്തിയാക്കാനെത്തുന്ന ചേച്ചിയെ കാണുമ്പോൾ ഉമ്മയെ ഓർമവരും. ആശുപത്രിയിലെ എല്ലാവരും നൽകുന്ന പിന്തുണ വളരെ വലുതാണ്. മൊബൈൽ അല്ലാതെ മറ്റുവിനോദങ്ങൾ ഒന്നുമില്ല. ആകെ വൺ ജി.ബി. ഡേറ്റയാണുള്ളത്. രാത്രി ഉറക്കംകിട്ടാത്തതുകൊണ്ട് ഡേറ്റ രാത്രിയിലേക്കു മാറ്റിവെക്കും. വൈകീട്ട് ബന്ധുക്കൾ വീഡിയോ കോൾ ചെയ്യും. പെരുന്നാളിന് വീട്ടിലെത്താൻ പറ്റുമെന്ന പ്രതീക്ഷയാണിപ്പോൾ'' -യുവാവ് പറഞ്ഞു. Content Highlight: Native of Malappuram treated as aCoronaViruspositive at Kalamassery Medical College


from mathrubhumi.latestnews.rssfeed https://ift.tt/2VACNbH
via IFTTT