Breaking

Sunday, April 26, 2020

കോവിഡ്: വികസ്വരരാജ്യങ്ങളുടെ വിദേശകടം 3.4 ലക്ഷം കോടി ഡോളർവരെ കൂടും

ജനീവ: കോവിഡ് മഹാമാരി വികസ്വരരാജ്യങ്ങൾക്കുമേൽ കനത്ത സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. നടപ്പുസാമ്പത്തികവർഷം ഇത്തരം രാജ്യങ്ങളുടെ വിദേശകടത്തിന്റെ തിരിച്ചടവ് 2.6 ലക്ഷംകോടി ഡോളറിനും 3.4 ലക്ഷംകോടി ഡോളറിനും ഇടയിൽ വർധിക്കുമെന്ന് യു.എന്നിന്റെ വ്യാപാര-വികസനകാര്യ സംഘടനയായ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരി വലിയ സാമ്പത്തികദുരന്തമായി മാറാതിരിക്കാൻ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തിൽ പുതിയ ഉടമ്പടികൾ ഉണ്ടാക്കേണ്ടതുണ്ടെന്നും ‘മഹാ അടച്ചുപൂട്ടലിൽനിന്ന് മഹാദുരന്തത്തിലേക്ക്’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.കോവിഡിന്റെ സാമ്പത്തികാഘാതം നേരിടുന്ന ഇത്തരംരാജ്യങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്രസമൂഹം അടിയന്തരനീക്കങ്ങൾ നടത്തണമെന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ മികുസ കിതുയി ആവശ്യപ്പെട്ടു. അസാധാരണമായ ആരോഗ്യ, സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയാണ് ലോകം കടന്നുപോവുന്നത്. വിദേശരാജ്യങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വായ്പകൾ കൈപ്പറ്റിയ വികസ്വരരാജ്യങ്ങളാണ് ഇതിന്റെ ദുരന്തം വലിയതോതിൽ അനുഭവിക്കേണ്ടിവരുക. 2020-ലും 2021-ലും മാത്രമായി ഇവയുടെ തിരിച്ചടയ്ക്കൽ ബാധ്യത 3.4 ലക്ഷം കോടി ഡോളറോളം വരും. പണത്തിന്റെ മൂല്യം കുറയുകകൂടി ചെയ്യുന്നതോടെ ഈ പ്രതിസന്ധി കൂടുതൽ കഠിനമാവും -റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ ഐക്യപ്പെടാനുള്ള സമീപകാല ആഹ്വാനങ്ങൾ ശരിയായ ദിശയിലുള്ളതാണെന്ന് സംഘടനയുടെ ആഗോളീകരണവിഭാഗം ഡയറക്ടർ റിച്ചാർഡ് റൈറ്റ് പറയുന്നു. വായ്പാതിരിച്ചടവിൽ താത്കാലിക മരവിപ്പിക്കൽ, കടാശ്വാസം, വായ്പ പുനഃക്രമീകരണം, ഇത്തരം വായ്പാമേൽനോട്ടത്തിനായി അന്താരാഷ്ട്രതലത്തിൽ പ്രത്യേക അതോറിറ്റി തുടങ്ങിയ നടപടികൾ സ്വീകരിച്ച് വികസ്വരരാജ്യങ്ങൾക്ക് പ്രതിസന്ധിവേളയിൽ ശ്വാസംവിടാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊറോണയെ അതിജീവിക്കാനായി വികസ്വരരാജ്യങ്ങളിൽ 2.5 ലക്ഷംകോടി ഡോളറിന്റെ സാമ്പത്തികപാക്കേജിന് രൂപംനൽകണമെന്ന് മാർച്ച് 30-ന് സംഘടന ആവശ്യപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35gTyw1
via IFTTT