Breaking

Thursday, April 30, 2020

കൂടെനിന്ന ചിലർ ചതിച്ചെന്ന് ബി.ആർ. ഷെട്ടി

ദുബായ്: എൻ.എം.സി. ഹെൽത്ത് കെയറിലും യു.എ.ഇ. എക്സ്ചേഞ്ചിലും വ്യാപക സാമ്പത്തികക്രമക്കേടുകൾ നടന്നെന്ന് തുറന്നുസമ്മതിച്ച് കമ്പനികളുടെ സ്ഥാപക ഡയറക്ടറും യു.എ.ഇ.യിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയുമായ ഡോ. ബി.ആർ ഷെട്ടി. കമ്പനിയിൽ നിലവിലുള്ള ചിലരും ചില മുൻജീവനക്കാരും വ്യാജരേഖകൾ ചമച്ച് തന്നെ ചതിക്കുകയായിരുന്നെന്ന് ബി.ആർ. ഷെട്ടി പ്രസ്താവനയിൽ പറഞ്ഞു. എൻ.എം.സി.യും യു.എ.ഇ. എക്സ്ചേഞ്ചും വൻ സാന്പത്തിക ക്രമക്കേടുകൾക്ക് അന്വേഷണം നേരിടുന്നതിനിടെ ആദ്യമായാണ് വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഷെട്ടി തയ്യാറാകുന്നത്. ''കുടുംബപരമായ ആവശ്യങ്ങൾക്കായി രണ്ടുമാസമായി ഇന്ത്യയിൽ തുടരുകയാണ്. തന്റെപേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകളും ചെക്കുകളുമുണ്ടാക്കിയാണ് തട്ടിപ്പുനടത്തിയത്. വായ്പകൾക്കും മറ്റും തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. താൻതന്നെ നിയോഗിച്ച പ്രത്യേക സംഘമാണ് തട്ടിപ്പുകൾ കണ്ടെത്തിയത്'' -അദ്ദേഹം വിശദീകരിച്ചു. വ്യാജ ചെക്കുകൾ ഉപയോഗിച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒട്ടേറെ ഇടപാടുകൾ നടത്തി. വ്യാജരേഖകൾ ഉപയോഗിച്ചുനേടിയ വായ്പകൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. തന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കി ദുരുപയോഗം ചെയ്തെന്നും ഷെട്ടി പറഞ്ഞു. വിശ്വസിച്ചിരുന്ന ചിലർ ചതിച്ചതോടെ 45 വർഷംകൊണ്ട് വളർത്തിയെടുത്ത സാമ്രാജ്യം ഏതാനും മാസങ്ങൾകൊണ്ട് തകർന്നെന്നും ഷെട്ടി പറഞ്ഞു. ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കഴിഞ്ഞദിവസം യു.എ.ഇ. സെൻട്രൽ ബാങ്ക് മറ്റുബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. സംഭവങ്ങളുടെ സത്യാവസ്ഥ അധികാരികളെ ബോധ്യപ്പെടുത്താനും നഷ്ടപ്പെട്ട പണം ഉടമകൾക്ക് തിരികെ നൽകാനും അങ്ങേയറ്റം ശ്രമിക്കുമെന്നും ഷെട്ടി വ്യക്തമാക്കി. യു.എ.ഇ.യിലെ വിവിധ ബാങ്കുകളിലായി എൻ.എം.സി.ക്ക് എണ്ണൂറുകോടി ദിർഹം (എകദേശം 16,437 കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻ.എം.സി.ക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി.) അബുദാബിയിലെ അറ്റോർണി ജനറലുമായിചേർന്ന് എൻ.എം.സി.യുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരേ ക്രിമിനൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും എൻ.എം.സി.ക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യസ്ഥാപനങ്ങൾ എൻ.എം.സി.ക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. യു.എ.ഇ.യിലെയും യു.കെ.യിലെയും വിവിധ അന്വേഷണ ഏജൻസികൾ ഷെട്ടിയുടെ രണ്ടുകന്പനികളിലെയും സാന്പത്തികത്തട്ടിപ്പുകൾ അന്വേഷിച്ചുവരുകയാണ്. Content Highlights:br shetty reveals about financial irregularities


from mathrubhumi.latestnews.rssfeed https://ift.tt/2KKiiDp
via IFTTT