Breaking

Monday, April 27, 2020

സുരേന്ദ്രൻ വെടിയേറ്റുവീണത് ഭാര്യയുടെ കൺമുന്നിൽ

ചെറുവത്തൂർ: കെ.സി.സുരേന്ദ്രൻ അയൽവാസി പി.സനലിന്റെ വെടിയേറ്റ് വീഴുമ്പോൾ ഭാര്യ സുകുമാരിയും സമീപത്തുണ്ടായിരുന്നു. ഇവർക്ക് എന്തെങ്കിലും ചെയ്യാൻകഴിയുംമുമ്പ് തൊണ്ടയ്ക്ക് വെടിയേറ്റ സുരേന്ദ്രൻ വീട്ടുമുറ്റത്ത് മരിച്ചുവീണു. മതിലില്ലാത്ത പറമ്പിൽ അടുത്തടുത്താണ് രണ്ട് കുടുംബങ്ങളും താമസം. നേരത്തേതന്നെ ഇവർതമ്മിൽ അതിർത്തിത്തർക്കമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സുരേന്ദ്രൻ പറമ്പിന്റെ മൂലയിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് തീകൊളുത്തി. ഇതിന്റെ പുക തന്റെ വീട്ടിലേക്ക് കയറുന്നതായി ആരോപിച്ച് സനൽ സുരേന്ദ്രനുമായി തർക്കിച്ചു. വൈകുന്നേരം വീണ്ടും തർക്കമുണ്ടായി. അയൽവാസികൾ ഇരുവരെയും സമാധാനിപ്പിച്ചുവിട്ടു. വീടിനകത്തേക്ക് കയറിയ സുരേന്ദ്രൻ വീണ്ടും പുറത്തുവന്നപ്പോൾ സനൽ വീട്ടിൽനിന്ന് തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടി ശബ്ദവും സുകുമാരിയുടെ നിലവിളിയും കേട്ടാണ് അയൽവാസികളെത്തിയത്. നായാട്ടിനും മറ്റും ഉപയോഗിക്കുന്ന നാടൻ തോക്കാണ് സനലിന്റെ പക്കലുണ്ടായിരുന്നതെന്നും ഇതിന് ലൈസൻസില്ലെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് വാഹനത്തിൽ കടന്നുകളഞ്ഞ സനൽ തോക്ക് മാപ്പച്ചാൽ പുഴയിൽ ഉപേക്ഷിച്ചതായി പോലീസിനോടു പറഞ്ഞു. ഇത് കണ്ടെത്താൻ തിരച്ചിൽ നടക്കുന്നുണ്ട്. ഡിവൈ.എസ്.പി.മാരായ പി.കെ.സുധാകരൻ, സതീഷ് ആലക്കൽ, ചന്തേര ഇൻസ്പെക്ടർ കെ.പി.സുരേഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ഇവർ ഡോക്ടറെ വിളിച്ചുവരുത്തി മരണം സ്ഥിരീകരിച്ചു. നേരം വൈകിയതിനാൽ മൃതദേഹം സംഭവസ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധർ തെളിവെടുത്തശേഷം മൃതദേഹപരിശോധനയ്ക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും. നേരത്തേ ബീഡിത്തൊഴിലാളിയായിരുന്ന സുരേന്ദ്രൻ അടുത്തകാലത്തായി നാടൻ ജോലികൾക്ക് പോകുകയായിരുന്നു. ദിനേശ് ബീഡി തൊഴിലാളിയായിരുന്ന സുകുമാരി ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളിയാണ്. മക്കൾ: സുമേഷ് (ടാക്സി ഡ്രൈവർ), സുജിത. മരുമകൻ: ബിജു (സി.ആർ.പി.എഫ്.). സഹോദരങ്ങൾ: തമ്പായി, രവി (ചെറുവത്തൂർ തുഷാര ട്രേഡേഴ്സ് ജീവനക്കാരൻ). Content Highlight: Surendran was shot in front of his wife


from mathrubhumi.latestnews.rssfeed https://ift.tt/2Y6XX2N
via IFTTT