Breaking

Tuesday, April 28, 2020

ഇടുക്കി, പ്രതീക്ഷയുടെ ഗ്രീൻ സോണിൽനിന്ന്‌ ആശങ്കയുടെ ’ഹൈറേഞ്ചി’ലേക്ക്

തൊടുപുഴ: പ്രതീക്ഷയുടെ ഗ്രീൻ സോണിൽനിന്ന് കനത്ത ആശങ്കയുടെ റെഡ് സോണിലേക്ക് ഇടുക്കി ജില്ല മാറുമ്പോൾ ആശങ്കയുടെ മെർക്കുറി ലെവൽ ഉയരുകയാണ്. ജില്ലയിലെ രോഗവ്യാപനം ആദ്യഘട്ടത്തിൽ ചില ഒറ്റപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ രണ്ടാം ഘട്ടമെത്തിയപ്പോൾ ജില്ലയാകെ പരക്കുന്ന സ്ഥിതിയാണ്. ഇത് നിസ്സാരമായി തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. നിലവിൽ ചികിത്സയിലുള്ള 14-പേരിൽ വനിതാ ഡോക്ടറുൾപ്പെടെ നാലുപേർക്ക് സമ്പർക്കത്തിൽനിന്നാണ് രോഗം വന്നത്. ഏലപ്പാറയിലെ ഡോക്ടർ കോവിഡ് രോഗിയായ വീട്ടമ്മയെ പരിശോധിച്ചതിനുശേഷം 10 ദിവസത്തിലേറെ രോഗികളുമായി ഇടപഴകി. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ് ക്യാമ്പുകളിലും ഡോക്ടറുടെ സാന്നിധ്യമുണ്ടായി. ഇതേ ആശുപത്രിയിലെ ആശാപ്രവർത്തക ഒട്ടേറെ വീടുകളിലും സന്ദർശനം നടത്തിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്ന് ജില്ലയിലെത്തിയശേഷം രോഗം സ്ഥിരീകരിച്ചവരിൽ ചിലർ ആളുകളുമായി സമ്പർക്കത്തിലുണ്ടായിരുന്നു. ഇതോടെ രണ്ടായിരത്തിലേറെ പേരാണ് നാലുദിവസത്തിനുള്ളിൽ നിരീക്ഷണത്തിലായത്. ഇവരിൽ ആർക്കെങ്കിലും രോഗമുണ്ടായാൽ രണ്ടാം സമ്പർക്കത്തിലേക്കായിരിക്കും അത് നീളുക. മൂന്നാർ ശിക്ഷക് സദനിലെ ഐസൊലേഷൻ വാർഡ് ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കർശന സുരക്ഷയൊരുക്കിയിട്ടും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വനാതിർത്തികൾ താണ്ടി ദിവസവും ഇടുക്കിയിലേക്ക് ആളുകൾ കടക്കുന്നുണ്ട്. തമിഴ്നാട്ടിൽ രോഗം പടർന്നുപിടിക്കുന്ന ജില്ലകളിൽനിന്നുള്ളവരാണ് ഏറെയും. ഇവിടെനിന്നെത്തിയ അഞ്ചുപേർക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നു അനധികൃതമായി എത്തിയ 32 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവരിൽ രോഗബാധിതരുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. കടന്നുകയറ്റം കർശനമായി തടഞ്ഞില്ലെങ്കിൽ രോഗവ്യാപനം ഇനിയും കൂടും. ഗ്രീൻ സോണിലേക്ക് മാറിയതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തിരിച്ചടിക്കിടയാക്കി. മുഖാവരണം ധരിക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും ഗതാഗത നിയന്ത്രണങ്ങൾ ഇല്ലാതാവുകയും ചെയ്തിരുന്നു. പോലീസും പരിശോധന കുറച്ചു. പിന്നീട് ഓറഞ്ച് സോണിലേക്കും ഇപ്പോൾ റെഡ് സോണിലേക്കും മാറേണ്ടിവന്നു എന്നതാണിതിന്റെ ഫലം. ഇളവുകൾ ലഭിക്കുന്നതോടെ രോഗമുക്തിയുണ്ടാകുമെന്നുള്ള മിഥ്യാധാരണയ്ക്ക് ഏറ്റ തിരിച്ചടികൂടിയാണ് ഇടുക്കിയിലെ പാഠങ്ങൾ. ചുവപ്പു സോണെന്ന സ്ഥിതി ഇനി എത്രനാളെന്നേ അറിയേണ്ടൂ. Content Highlight: Coronavirus: Idukki from green zone to red zone


from mathrubhumi.latestnews.rssfeed https://ift.tt/2Sd1dpv
via IFTTT