കൊച്ചി: കരിക്കു വില്പനക്കാരന്റെ മകൾ കുടുക്കയിൽ സൂക്ഷിച്ചിരുന്ന 3,377 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. അമ്മയുടെ കൂടെ സെൻട്രൽ സ്റ്റേഷനിലെത്തിയാണ് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി പാർവതി കൃഷ്ണൻ പണം കൈമാറിയത്. എത്ര തുകയുണ്ടെന്ന് അറിയില്ലെന്നു പറഞ്ഞാണ് പോലീസുകാർക്ക് പ്ലാസ്റ്റിക് കുടുക്ക നൽകിയത്. ഈ നല്ല മനസ്സിന് സമ്മാനമായി പോലീസുകാർ ഈ കുട്ടിക്ക് ഒരു എൽ.ഇ.ഡി. ടി.വി. വാങ്ങി നൽകുകയും ചെയ്തു. ടി.ഡി.എം. ഹാളിനു മുമ്പിൽ കരിക്ക് വിൽക്കുന്ന കൃഷ്ണന്റെയും പത്മകുമാരിയുടെയും മകളാണ് പാർവതി. മകൾ ഇങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോൾ മാതാപിതാക്കൾ പൂർണ മനസ്സോടെ സമ്മതിച്ചു. ടി.ഡി.എം. ഹാളിനു സമീപത്തുള്ള കോളനിയിലാണ് ഈ കുടുംബം താമസിക്കുന്നത്. പണം ലഭിച്ചത് തഹസിൽദാറിന് കൈമാറുന്നതിന്റെ ഭാഗമായി വിശദ മേൽവിലാസം തിരക്കാൻ ഏതാനും പോലീസുകാർ കൃഷ്ണന്റെ വീട്ടിലെത്തി. ഇവരുടെ പഴയ ടി.വി. കേടായിരിക്കുകയാണ്. വാർത്ത കാണുന്ന പതിവുണ്ട് ഇവർക്ക്. ഇതു മനസ്സിലാക്കിയാണ് പുതിയതൊരെണ്ണം വാങ്ങാൻ സെൻട്രൽ സ്റ്റേഷനിലെ 150-ഓളം പോലീസുകാർ തീരുമാനിച്ചത്. വൈകീട്ടുതന്നെ വീട്ടിലെത്തിച്ച് നൽകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ വീട്ടിലേക്ക് പാർവതിയെ ക്ഷണിച്ചിട്ടുണ്ട്. രാവിലെ റെഡിയായിരിക്കാനാണ് നിർദേശം വന്നത്. പ്രളയകാലത്തും ഈ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു. ഇത് മനസ്സിലാക്കിയ അന്നത്തെ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ളയാണ് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം വാങ്ങിക്കൊടുത്തത്. ഇനി ഏഴാം ക്ലാസിലാണ് പാർവതി. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, ഇൻസ്പെക്ടർ വിജയ്ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്ക് ടി.വി. കൈമാറിയത്. Content Highlights:a girl donates money to cmdrf, police gifted led tv to her
from mathrubhumi.latestnews.rssfeed https://ift.tt/2W9AP17
via
IFTTT