Breaking

Monday, April 27, 2020

വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കും

ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ദേശീയ അടച്ചിടൽ പിൻവലിച്ചശേഷം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചന തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥരുമായി വിഷയം ചർച്ചചെയ്തു. ക്വാറന്റൈൻ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പദ്ധതിക്ക് ഉടൻ കേന്ദ്രസർക്കാർ രൂപംനൽകും.മാർച്ച് 22 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നവരെ തിരിച്ചെത്തിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളും വിവിധസംഘടനകളും സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. അടച്ചിടൽമൂലം കുടുങ്ങിയവരെ മാത്രമല്ല, മാനുഷിക പരിഗണന ആവശ്യമുള്ള വിഷയങ്ങളും പരിഗണിക്കുമെന്നാണ് സൂചന.പദ്ധതി തയ്യാറാക്കാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടന്നുവരുകയാണ്. വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയ പദ്ധതിയുടെ പ്രാഥമിക രൂപരേഖ യോഗം ചർച്ചചെയ്തു. എത്രപേർ ഏതൊക്കെ രാജ്യങ്ങളിലുണ്ട്, അവരെ തിരിച്ചെത്തിക്കാൻ എത്ര വിമാനങ്ങൾ വേണം, ഏതൊക്ക സംസ്ഥാനങ്ങളിലേക്കാണ് ഇവരെ കൊണ്ടുപോകേണ്ടത് തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തി.കോവിഡ്-19 ഇല്ലെന്ന സർട്ടിഫിക്കറ്റ് മടക്കയാത്രയ്ക്ക് അടിസ്ഥാനമാക്കണമെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാനനിർദേശം. പ്രത്യേക വിമാനങ്ങൾ അതത് സംസ്ഥാനങ്ങളുടെ സൗകര്യങ്ങൾകൂടി കണക്കിലെടുത്തായിരിക്കും ഏർപ്പെടുത്തുക. ആവശ്യമെങ്കിൽ കപ്പലുകൾ ഉപയോഗിക്കാനും ആലോചനയുണ്ട്.തിരിച്ചെത്തുന്നവരെ കൈകാര്യം ചെയ്യുന്നതിനുള്ള വിശദമായ നിർദേശങ്ങൾ തയ്യാറാക്കി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിമാരുമായി കഴിഞ്ഞദിവസം കാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ നിർദേശം നൽകിയത്. ആശുപത്രികൾ, ബെഡുകൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ സംസ്ഥാനം നൽകണം. കേന്ദ്രം പദ്ധതിക്ക് അംഗീകാരം നൽകിയാലുടൻ സംസ്ഥാനങ്ങൾ ഇതനുസരിച്ചുള്ള നടപടികൾ ആരംഭിക്കണമെന്ന് നിർദേശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2VZZ2Xz
via IFTTT