Breaking

Tuesday, April 28, 2020

ലാസറപ്പനോട് ഗവർണർ പറഞ്ഞു, അടുത്ത തവണ ഞാൻ കാണാൻ വരും

കൊച്ചി: തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജോസഫ് ലാസറിന് ആ വിളിയെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അങ്ങേത്തലയ്ക്കൽ. നൂറാം പിറന്നാളിന് ആശംസകൾ നേർന്ന ഗവർണർ ലാസറിനെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു, 'ഇനി കൊച്ചിയിൽ വരുമ്പോൾ നേരിട്ടുവന്ന് കണ്ടോളാം.' ഒട്ടേെറ രാജ്യങ്ങളിൽ സഞ്ചരിക്കുകയും രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമാകുകയും ചെയ്ത ലാസറപ്പന്റെ നൂറാം പിറന്നാളായിരുന്നു തിങ്കളാഴ്ച. കാക്കനാട് പടമുകളിൽ പ്രായമായവർക്കായുള്ള സ്ഥാപനത്തിൽ സഹ അന്തേവാസികൾക്കൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു അദ്ദേഹം. ഒരു കാര്യമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. 'ശർക്കര പായസം വേണം'. അതുമാത്രമല്ല, പാട്ടും കേക്കും സദ്യയുമൊക്കെ ഒരുക്കിയായിരുന്നു ആഘോഷം. അതിനിടയിലാണ് മാധ്യമ വാർത്തകളിൽനിന്ന് ലാസറപ്പനെക്കുറിച്ചറിഞ്ഞ ഗവർണറുടെ വിളിയെത്തിയത്. നാലു വർഷത്തോളമായി അദ്ദേഹം ഇവിടെയാണ്. ഭാര്യ ഏലന്നം മരിച്ചിട്ട് 27 വർഷമായി. ഏക മകൻ െജയിംസ് യു.കെ.യിൽ പ്രൊഫസറാണ്. നൂറാം പിറന്നാളാഘോഷത്തിന് മകനും കുടുംബവും വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ലോക്ക്ഡൗണായതിനാൽ കഴിഞ്ഞില്ല. എല്ലാവരും വീഡിയോ കോളിലൂടെ സംസാരിച്ചു. തൃശ്ശൂർ ജില്ലയിലെ പാടൂരിൽ ചിരിയങ്കണ്ടത്ത് കുടുംബത്തിൽ 1920 ഏപ്രിൽ 27-നാണ് ജോസഫ് ലാസർ ജനിച്ചത്. നാട്ടിൻപുറങ്ങളിൽ വൈദ്യുതിയോ റേഡിയോയോ ഒന്നും ഇല്ലാതിരുന്ന കാലം. നെയ്ത്ത് ജോലിയാണ് ആദ്യം പഠിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി സൈന്യത്തിലേക്ക് ആളെ എടുത്തപ്പോൾ ലാസറിന് ഇലക്ട്രീഷ്യനായി ജോലി കിട്ടി. ബോംബെ, ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങൾക്കു ശേഷം ബർമയിലേക്ക് നിയോഗിക്കപ്പെട്ടു. യുദ്ധമുഖത്തേക്ക് പോകേണ്ടിവന്നില്ല. പിന്നീട് മിലിറ്ററി എൻജിനീയറിങ് സർവീസിന്റെ സൂപ്രണ്ട് വരെയായി. 1954-ൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജോലി ലഭിച്ചതിനാൽ കിഴക്കൻ ആഫ്രിക്കൻ തുറമുഖ നഗരമായ മൊംബാസയിലേക്ക് പോയി. ഇതിനിടെയായിരുന്നു വിവാഹം. യുഗാൺഡ, കെനിയ, സുഡാൻ എന്നിവിടങ്ങളിലായി 33 വർഷമാണ് ഇവർ ചെലവിട്ടത്. ഇക്കാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ കൂടാതെ മധ്യേഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി ഒരുപാട് യാത്രകൾ. കെനിയയിലായിരിക്കുമ്പോഴാണ് മകൻ പിറന്നത്. 1987-ൽ കൊച്ചി ഗിരിനഗറിൽ വീടുവാങ്ങി ലാസറും ഭാര്യയും തിരികെയെത്തി. 1993-ൽ ഭാര്യയുടെ മരണശേഷം മകനും കുടുംബത്തിനുമൊപ്പമായി യാത്രകൾ. തിരികെയെത്തുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഒരു വാച്ച്മാനായിരുന്നു കൂട്ട്. ഇക്കാലത്ത് 'റിഫ്ളക്ഷൻസ്' എന്ന പേരിൽ ആത്മകഥയെഴുതി. 90-ാം വയസ്സുവരെ ഡ്രൈവ് ചെയ്യുമായിരുന്നു. 2011-ൽ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയതിനു ശേഷമാണ് പാചകത്തിന് ഒരാളെ വെച്ചത്. വീഴ്ചയെത്തുടർന്ന് ഇടുപ്പെല്ല് മാറ്റിവെച്ചതിനു ശേഷം 'സിഗ്നേച്ചർ ഏജ്ഡ് കെയർ' എന്ന സ്ഥാപനത്തിലേക്ക് മാറുകയായിരുന്നു. 48-ഓളം അന്തേവാസികളാണ് കൂട്ടുകാർ. കൂടുതലിഷ്ടം മധുരം : ഈ പ്രായത്തിലും ലാസറപ്പന് ഏറ്റവും ഇഷ്ടം മധുരമാണ്. പ്രമേഹമോ രക്തസമ്മർദമോ തുടങ്ങി ഒരസുഖവുമില്ല. കണ്ണട വെക്കാതെയാണ് പത്രവായന. കേൾവി മാത്രമാണ് അൽപ്പം കുറവ്. സ്വന്തം കാര്യങ്ങൾ തന്നെ ചെയ്യുന്നതാണ് ഇഷ്ടം. വൈദ്യുതിയോ വാഹനമോ ഇല്ലാത്ത കാലം മുതൽ വിദേശത്തുള്ള മകനുമായി വീഡിയോ ചാറ്റ് ചെയ്യുന്ന കാലം വരെ താൻ കണ്ടതായി അദ്ദേഹം പറയുന്നു. 'ലോകത്തുനടന്ന എത്രയോ സംഭവങ്ങൾക്ക് സാക്ഷിയായി. നൂറു വയസ്സ് പിന്നിടാൻ കഴിഞ്ഞത് ഭാഗ്യമല്ലേ'-കുലുങ്ങിച്ചിരിച്ച് അദ്ദേഹം ചോദിച്ചു. Content Highlight: Lasarappan and Kerala Governer


from mathrubhumi.latestnews.rssfeed https://ift.tt/2W2QbV8
via IFTTT