Breaking

Monday, April 27, 2020

ലോക്ഡൗണ്‍ കാലത്തും തൊഴില്‍ നല്‍കി ഹോം ഡെലിവറി

കോഴിക്കോട്: തിരൂർ കൊടക്കൽ എൽ.പി. സ്കൂളിലെ താത്കാലിക അധ്യാപകനായിരുന്നു കോഴിക്കോട് പറമ്പിൽകടവുകാരനായ ബിജോയ് ഡേവിഡ്. കൊറോണ വ്യാപനം തുടങ്ങിയപ്പോൾ സ്കൂൾ അടച്ചു. പക്ഷേ, ബിജോയ് വീട്ടിൽ വെറുതേയിരുന്നില്ല. തത്കാലത്തേക്ക് പുതിയൊരു ജോലി കണ്ടെത്തി. വരുമാനമാർഗവും. പൊട്ടഫോ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാണിപ്പോൾ ബിജോയ്. ദിവസവും രാവിലെ എട്ടുമണിക്ക് ഇറങ്ങും. രാത്രി എട്ടുമണിയോടെ ഭക്ഷണ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും. പല ദിവസങ്ങളിലും ആയിരം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ലോക് ഡൗൺ കാലത്ത് ഭൂരിഭാഗം തൊഴിൽമേഖലയും നിലച്ച് ഒരു ജോലിക്കും പോവാനാവാതെ ആളുകൾ ദുരിതമനുഭവിക്കുമ്പോൾ ഹോം ഡെലിവറി മേഖല കുറച്ച് പേർക്കെങ്കിലും ആശ്വാസമാവുകയാണ്. മാത്രമല്ല, നന്നായി ജോലിചെയ്താൽ നല്ലവരുമാനവും കിട്ടുമെന്ന് ബിജോയ് പറയുന്നു. നിയന്ത്രണങ്ങൾ ശക്തമായതിനാൽ ഹോട്ടലുകളാണ് ആദ്യം ഹോംഡെലിവറി സംവിധാനത്തിലേക്ക് മാറിയത്. പിന്നാലെ സൂപ്പർമാർക്കറ്റുകളുംസാധനങ്ങൾ വീടുകളിൽ എത്തിച്ചു തുടങ്ങി. ഇത് നഗര പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് പുതിയ കാഴ്ച. ഹോംഡെലിവറി സംവിധാനം ഒട്ടും ശീലമില്ലാത്ത ഗ്രാമീണ മേഖലകളിൽവരെ ഇപ്പോൾ സാധനങ്ങൾ വീടുകളിലേക്കെത്തുന്നു. ലോക്ഡൗൺകാലത്ത് ഓട്ടോ സർവീസ് നിലച്ചതോടെ ഹോംഡെലിവറി ജോലി വലിയ ആശ്വാസമാവുന്നുണ്ടെന്ന് ചക്കോരത്തുകുളത്തെ ഓട്ടോ ഡ്രൈവറായ മനോജ് പറയുന്നു: ''ചക്കോരത്ത് കുളത്തെ വീടിനു മുന്നിലുള്ള സൂപ്പർമാർക്കറ്റിനു വേണ്ടിയാണ് ജോലിചെയ്യുന്നത്. അവിടുത്തെ സ്ഥിരം ഉപഭോക്താവായിരുന്നു.'' സാധാരണ 500 ബുക്കിങ്ങുകൾ വരെ ലഭിച്ചിരുന്ന പൊട്ടഫോയ്ക്ക് കോഴിക്കോട്ട് ഇപ്പോൾ ദിവസം ആയിരത്തോളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റ ഉൾപ്പെടെയുള്ള ഓൺലൈൻ വിതരണ സ്ഥാപനങ്ങൾ ഭക്ഷണത്തിനു പുറമേ പല ജില്ലകളിലും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കുന്നുണ്ടെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. സിയാവുദ്ദീൻ പറയുന്നു. അത്ര ലാഭകരമല്ലെങ്കിലും ഇപ്പോൾ പലയിടങ്ങളിലും ഗ്രാമീണ മേഖലകളിൽ സാധനങ്ങൾ എത്തിക്കുന്നുണ്ടെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വി. മുസ്തഫ പറയുന്നു. തങ്ങളുടെ സൂപ്പർമാർക്കറ്റിൽനിന്ന് കോഴിക്കോട് നഗരത്തിൽ 35 മുതൽ 50 വരെ ഹോംഡെലിവറികൾ ഒരു ദിവസം നടക്കുമ്പോൾ കുറ്റ്യാടി, ഓർക്കാട്ടേരി കുന്ദമംഗലം തുടങ്ങിയ ഭാഗങ്ങളിലൊക്കെ ഇരുപതിനും മുപ്പതിനുമിടയ്ക്കാണ് ചെയ്യുന്നത് -മുസ്തഫ പറഞ്ഞു. നേരത്തേ പാർസൽ സർവീസിലൊക്കെ ജോലിചെയ്തിരുന്നവർ ലോക് ഡൗൺ കാലത്ത് ഹോംഡെലിവറി ജോലിയിലേക്ക് മാറിയിട്ടുണ്ടെന്ന് സൂപ്പർമാർക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം. ഹനീഫ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3eSzhkH
via IFTTT