Breaking

Tuesday, April 28, 2020

ലോക്ക് ഡൗണ്‍ നിഴലില്‍ ചാര്‍ ധാം തീര്‍ത്ഥാടനം, വിഗ്രഹം ചുമന്ന് അഞ്ചുപേര്‍ മാത്രം, ആളും ആരവുമില്ലാതെ കേദാര്‍നാഥ്

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായുള്ള പഞ്ചമുഖി ഡോളി യാത്ര ചടങ്ങ് നടന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തീർത്ഥാടകർ ആരുടെയും സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നില്ല. വെറും അഞ്ച് പുരോഹിതർ പഞ്ചമുഖി വിഗ്രഹം പല്ലക്കിലേന്തി കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ഉത്തരാഖണ്ഡിൽ ഇപ്പോൾ ശക്തമായ മഞ്ഞുവീഴ്ചയുടെ സമയമാണ്. 10 അടിയോളം ഉയരത്തിലാണ് മഞ്ഞ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിനുപുറത്തുകൂടിയാണ് ഇവർ ആചാരത്തിന്റെ ഭാഗമായ ചടങ്ങ് നടത്തിയത്. ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നീ നാല് പുണ്യ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമായ ചാർ ധാം യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണിത്. സാധാരണഗതിയിൽ ആയിരക്കണക്കിന് തീർത്ഥാടകർ ഇതിന് സാക്ഷ്യം വഹിക്കാൻ എത്താറുള്ളതാണ്. തന്ത്രപ്രധാന മേഖലയായതിനാൽ കരസേനയുടെ കുമോവ് ബറ്റാലിയനാണ് ഇതിന് നേതൃത്വം കൊടുക്കുക. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ചാർ ധാം തീർത്ഥാടനം നടക്കുകയില്ലെന്നാണ് വിവരം. പകരം അതാത് ക്ഷേത്രങ്ങളിലെ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കും. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നതോടെ ആചാരപരമായ ചാർ ധാം യാത്ര കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബാ കേദാറിന്റെ ( ശിവൻ) ഉത്സവ ബിംബം ഞായറാഴ്ച കേദാർനാഥ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ഓംകാരേശ്വർ ക്ഷേത്രത്തിലാണ് ഈ വിഗ്രഹം സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് തീർത്ഥാടന സമയത്ത് വിഗ്രഹം കൊണ്ടുപോകുന്നത്. നിലവിൽ വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ തുറക്കുക എന്നതാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്നും ബാക്കിയൊക്കെ കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചിരിക്കുമെന്നും അധികൃതർ പറയുന്നു. Content Highlights:5 Devotees Walk Through Snow To Place Idol At Kedarnath Temple Amid Lockdown


from mathrubhumi.latestnews.rssfeed https://ift.tt/2zCyNPt
via IFTTT