Breaking

Tuesday, April 28, 2020

പച്ചയിൽനിന്ന് ഓറഞ്ച് കടന്ന് ചുവപ്പിലെത്തി കോട്ടയം; സ്ഥിതി ആശങ്കാജനകം

കോട്ടയം: പ്രതീക്ഷയുടെ ഓറഞ്ച് സോണിൽനിന്നു കനത്ത ആശങ്കയുടെ റെഡ് സോണിലേക്കുള്ള കോട്ടയം ജില്ലയുടെ മാറ്റം അപ്രതീക്ഷിതം. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചിലരിൽ വൈറസ് പകർന്നത് എവിടെനിന്നെന്ന് കണ്ടെത്താൻ കഴിയാതെവരികയും ചെയ്ത സാഹചര്യം സ്ഥിതി ആശങ്കാജനകമാക്കുന്നു. ഇത്രയേറെ പേർക്ക് രോഗം കണ്ടെത്തിയതോടെ നിരീക്ഷണത്തിലിരിക്കുന്നവരോട് നിശ്ചിത ദിവസം കഴിഞ്ഞും അതേ സ്ഥിതി തുടരാൻ നിർദേശിക്കേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോട്ടയം ജില്ലയിൽ രോഗവ്യാപനം കൂടിയതോടെ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കോട്ടയവുമായുള്ള അതിർത്തി അടയ്ക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ രോഗവ്യാപനം ആദ്യഘട്ടത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ രണ്ടാം ഘട്ടമെത്തിയപ്പോൾ ജില്ലയാകെ പരക്കുന്ന സ്ഥിതിയാണ്. ഇത് നിസ്സാരമായി തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. നാലു ദിവസത്തിനുള്ളിൽ ജില്ലയിൽ 17 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആദ്യം രോഗം സ്ഥിരീകരിക്കുകയും വേഗത്തിൽ രോഗമുക്തി നേടുകയും ചെയ്തതോടെ ജില്ലയെ ഗ്രീൻ സോണായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തിരിച്ചടിക്കിടയാക്കി. മുഖാവരണം ധരിക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും പലയിടത്തും ഗതാഗത നിയന്ത്രണങ്ങൾ ഇല്ലാതാവുകയും ചെയ്തിരുന്നു. പോലീസും പരിശോധന കുറച്ചു. മുൻകരുതലില്ലാതെ ഇളവുകളാസ്വദിക്കാമെന്ന മിഥ്യാധാരണയ്ക്ക് ഏറ്റ തിരിച്ചടി കൂടിയാണ് ജില്ലയിലെ പാഠങ്ങൾ. 23-ന് രണ്ട് പേർക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഓറഞ്ച് സോണിലേക്ക് ജില്ലയെ മാറ്റി. എന്നാൽ, ഓറഞ്ച് സോണിനും രണ്ടുദിവസത്തെ ആയുസ്സു പോലുമുണ്ടായില്ല. ചുവപ്പു സോണെന്ന സ്ഥിതി ഇനി എത്രനാളെന്നേ അറിയേണ്ടൂ. സാമ്പിൾ പരിശോധന വിപുലീകരിക്കും സാമ്പിൾ പരിശോധന വിപുലീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർണയിച്ചിട്ടുള്ള പ്രോട്ടോക്കോൾ പ്രകാരം പ്രതിദിനം ഇരുന്നൂറു സാമ്പിളുകൾ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കു പുറമെ ഗർഭിണികൾ, വയോജനങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിലും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. കോട്ടയം ജില്ലയെ റെഡ് സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ. ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ: വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകൾ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33-ാം വാർഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാർഡുകൾ. അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പൊതുജനങ്ങൾ വീടിന് പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം കർശനമായി പാലിക്കുകയും വേണം.അടിയന്തര ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ നിരത്തിലിറക്കുവാൻ പാടില്ല. അവശ്യ ഭക്ഷ്യ വസ്തുക്കൾ വില്പ്പന നടത്തുന്ന കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പാചക വാതക വിതരണ സ്ഥാപനങ്ങൾ എന്നിവ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രം പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങളിൽ എത്തുന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുയും വേണം. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കുവാൻ പാടില്ല.കമ്മ്യൂണിറ്റി കിച്ചനുകൾ തുടർന്നും പ്രവർത്തിക്കാം.മെഡിക്കൽ ആവശ്യങ്ങൾക്കും, വളരെ അടിയന്തര ആവശ്യങ്ങൾക്കും ഒഴികെ ഹോട്ട് സ്പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകൾ കർശനമായി നിരോധിച്ചു. കൊവിഡ് - 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയർ ഫോഴ്സ്, സിവിൽ സപ്ലൈസ്,വാട്ടർ അതോറിറ്റി ,വൈദ്യുതി ബോർഡ് എന്നിവയുടെ ഓഫീസുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവർത്തിക്കാം. മറ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നതല്ല. Content Highlight: Coronavirus: kottayam from green zone to red zone


from mathrubhumi.latestnews.rssfeed https://ift.tt/2KD5wWW
via IFTTT