Breaking

Thursday, April 30, 2020

പത്രസമ്മേളനം : ബി.ജെ.പി. നേതാവിനെതിരേ കേസെടുത്തത് വിവാദമാകുന്നു

കൊച്ചി: പത്രസമ്മേളനം നടത്തിയതിന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെതിരേ കേസെടുത്തത് വിവാദമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ രാധാകൃഷ്ണൻ ഏപ്രിൽ 23-ന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പിണറായി വിജയന്റെ മകൾ വീണ കമ്പനി രജിസ്റ്റർ ചെയ്യാൻ എ.കെ.ജി. സെന്ററിലെ വിലാസം ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. അതിലുള്ള പ്രതിഷേധ സൂചകമായി പിണറായി വിജയന്റെ മകളുടെ പേരിൽ എ.കെ.ജി. സെന്ററിലേക്ക് പോസ്റ്റ് കാർഡ് അയയ്ക്കുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ചേരാനല്ലൂർ പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടിക്കു ശേഷമാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്. രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന മറ്റ് നാലു പേർക്കെതിരേയും ചേരാനല്ലൂർ പോലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണൻ ഒഴികെ നാലുപേരും സ്റ്റേഷനിൽ ചെന്ന് ജാമ്യത്തിൽ ഇറങ്ങി. ജാമ്യം എടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ രാധാകൃഷ്ണൻ ഉറച്ചുനിൽക്കുകയാണ്. പോലീസ് തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രിമാർ അടക്കം മറ്റ് രാഷ്ട്രീയ നേതാക്കളെല്ലാം ദിവസവും മാധ്യമപ്രവർത്തകരെ കാണുന്നുണ്ട്. ബുധനാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ ധാരാളം പേർ അതിൽ പങ്കെടുത്തു. ആരോഗ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം മാധ്യമങ്ങളുമായി ദിവസവും സംസാരിക്കുന്നുണ്ട്. അപ്പോഴെങ്ങും കാണാത്ത കുഴപ്പമാണ് തന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചതിനാണ് തനിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അതിനുള്ള ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. മുകളിൽനിന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് പറയുന്നത്. ഇത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. Content Highlights:police booked case against bjp leader an radhakrishnan


from mathrubhumi.latestnews.rssfeed https://ift.tt/35jlKyb
via IFTTT