വടക്കഞ്ചേരി : അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞും വിശ്വസിപ്പിക്കുന്നതിനായി സിനിമകളിലേതുപോലെ ആസൂത്രിതപദ്ധതി തയ്യാറാക്കിയും പൊള്ളാച്ചിയിൽനിന്ന് മകൾ വടക്കഞ്ചേരിയിലെ വീട്ടിലെത്തി. പക്ഷേ, ക്ലൈമാക്സിൽ കള്ളം പൊളിഞ്ഞു. അതിർത്തികടന്നെത്തിയ മകളും ഇവരെ ബൈക്കിൽ കൊണ്ടുവന്നയാളും നിരീക്ഷണത്തിലായി. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗോവിന്ദാപുരം അതിർത്തിയിലെത്തിയ ഇവർ തന്റെ അമ്മ മരിച്ചെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. ഉടൻതന്നെ അതിർത്തിയിലെ ആരോഗ്യപ്രവർത്തകർ വടക്കഞ്ചേരിയിലെ ആരോഗ്യപ്രവർത്തകരോട് സംഭവം സത്യമാണോ എന്നന്വേഷിക്കാൻ പറഞ്ഞു. വടക്കഞ്ചേരിയിലെ ആരോഗ്യപ്രവർത്തകർ ഇവർ താമസിക്കുന്ന ഭാഗത്തുള്ള ആശാ പ്രവർത്തകയെ വിളിച്ചു. അമ്മ മരിച്ചത് വാസ്തവമാണെന്ന് ആശാപ്രവർത്തക അറിയിച്ചു. ഇതോടെ, മകളെ അതിർത്തി കടത്തിവിട്ടു. ഏഴരയോടെ മകൾ വീട്ടിലുമെത്തി. പത്തുമണിയോടെ ആശാപ്രവർത്തക വീണ്ടും വടക്കഞ്ചേരി വകുപ്പധികൃതരെ വിളിച്ച് അമ്മ മരിച്ചിട്ടില്ലെന്ന് അറിയിച്ചു. ഇതുകേട്ട് അമ്പരന്ന ആരോഗ്യപ്രവർത്തകർ ആശാപ്രവർത്തകയെ ചോദ്യംചെയ്തു. പൊള്ളാച്ചിയിൽനിന്ന് പുലർച്ചെ അഞ്ചുമണിയോടെ മകൾ പുറപ്പെടുംമുമ്പ് ആശാപ്രവർത്തകയെ വിളിച്ച് അമ്മ മരിച്ചെന്നും നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. ഇതിനുശേഷം ആറുമണിയോടെയാണ് ആരോഗ്യപ്രവർത്തകർ ആശാപ്രവർത്തകയെ വിളിച്ച് വിവരമന്വേഷിച്ചത്. ആരോഗ്യവകുപ്പധികൃതർ വിളിക്കുന്നതിനുമുമ്പുതന്നെ മകൾ വിവരം വിളിച്ചുപറഞ്ഞതിനാൽ സംഭവം സത്യമാണെന്നാണ് ധരിച്ചതെന്ന് ആശാപ്രവർത്തക പറഞ്ഞു. പത്തുമണിയോടെ ഭർത്താവ് വീട്ടിൽപ്പോയി അന്വേഷിച്ചുവന്നപ്പോഴാണ് സത്യം മനസ്സിലായതെന്നും ഇവർ പറഞ്ഞു. തുടർന്ന്, ആരോഗ്യവകുപ്പധികൃതരും പോലീസും പൊള്ളാച്ചിയിൽനിന്ന് വീട്ടിലെത്തിയ സ്ത്രീയെ ചോദ്യംചെയ്തപ്പോൾ ആശാപ്രവർത്തക ഇവരുടെ ബന്ധുവാണെന്ന് മനസ്സിലായി. പൊള്ളാച്ചിയിൽനിന്ന് അതിർത്തിവരെ ഒരു ബൈക്കിലും അതിർത്തിയിൽനിന്ന് വടക്കഞ്ചേരി സ്വദേശിയായ യുവാവിന്റെ ഒപ്പവുമാണ് ഇവർ വീട്ടിലെത്തിയതെന്നും തെളിഞ്ഞു. ഇതോടെ, രണ്ടുപേരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. Content Highlight: woman came to vadakkancherry from Pollachi, lying about her mothers death
from mathrubhumi.latestnews.rssfeed https://ift.tt/2znHs8b
via
IFTTT