Breaking

Monday, April 27, 2020

അവസാനരോഗിയും മടങ്ങി, വുഹാനിലെ ആശുപത്രിയിൽ ഇപ്പോൾ വൈറസ് രോഗികളില്ല

ബെയ്ജിങ്/വുഹാൻ: കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖംമാറി വീട്ടിലേക്ക് മടങ്ങിയെന്ന് ചൈനീസ് അധികൃതർ. ലോകത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തിലേക്കു കടക്കുകയും മരണം രണ്ടുലക്ഷം കവിയുകയും ചെയ്യുമ്പോൾ നാലുമാസത്തോളം നീണ്ട അസാധാരണമായ പോരാട്ടത്തിനൊടുവിൽ ഹുബൈ പ്രവിശ്യയിലെ ഈനഗരം മറ്റൊരു നിർണായകഘട്ടം പിന്നിടുകയാണ്. 76 ദിവസം സമ്പൂർണമായി അടച്ചിട്ടിരുന്ന നഗരം ഏപ്രിൽ എട്ടിനാണ് തുറന്നത്. ആരോഗ്യപ്രവർത്തകരുടെ അശ്രാന്ത്രപരിശ്രമവും ജനങ്ങളുടെ സഹകരണവുമാണ് ഫലം കണ്ടതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വക്താവ് മി ഫെങ് പറഞ്ഞു. വെള്ളിയാഴ്ചയാണ് അവസാന രോഗി ആശുപത്രി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നഗരത്തിൽ പുതിയ വൈറസ് ബാധയോ മരണമോ റിപ്പോർട്ടുചെയ്തില്ല. യാങ്‍സി, ഹാൻ എന്നീ നദികൾക്കരികെയുള്ള വുഹാൻ ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നാണ്. രാജ്യത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സുകളിലൊന്നുമാണ്. 1.1 കോടിയാണ് ജനസംഖ്യ. ഒട്ടേറെ വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും ഉള്ള ഈ നഗരത്തിൽനിന്ന് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വിമാനയാത്രാ സൗകര്യമുണ്ട്. ലോകത്ത് മുഴുവൻ വൈറസ് എത്താൻ പ്രധാന കാരണമായതും ഇതുതന്നെയാണ്. കഴിഞ്ഞഡിസംബറിലാണ് ഇവിടെ മാംസമാർക്കറ്റിൽനിന്ന് ആദ്യത്തെ വൈറസ് ബാധ റിപ്പോർട്ടുചെയ്യുന്നത്. അപ്പോഴേക്കും രാജ്യത്ത് അവധി തുടങ്ങിയിരുന്നു. ഒട്ടേറെപ്പേർ നഗരം വിട്ടുപോവുകയും ചെയ്തു. ഡിസംബറിൽതന്നെ വൈറസ് വ്യാപിച്ചിട്ടും ഹുബൈ പ്രവിശ്യയിലെ 5.6 കോടിവരുന്ന ജനങ്ങളെ ചൈന നിയന്ത്രണങ്ങളിലാക്കിയത് ജനവരി 23-നാണ്. ഇത് യു.എസ്. അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. രോഗികളെ ശുശ്രൂഷിക്കാൻ 14 താത്‌കാലിക ആശുപത്രികളാണ് ചൈന പ്രവിശ്യയിൽ തയ്യാറാക്കിയത്. പ്രതിരോധപ്രവർത്തനങ്ങൾക്കായി 42000 ആരോഗ്യപ്രവർത്തകരേയും നിയോഗിച്ചു. പ്രവിശ്യയിൽ സ്ഥിരീകരിച്ച 68,128 കേസുകളിൽ 50,333 എണ്ണവും വുഹാനിലായിരുന്നു. 3869 പേർ മരിക്കുകയും ചെയ്തു.ഒടുവിൽ, വൈറസ് വ്യാപനത്തിന് കടിഞ്ഞാണിട്ടെങ്കിലും നഗരം ഇപ്പോഴും പൂർണമായും സാധാരണനിലയിലെത്തിയിട്ടില്ല. വൈറസ് തിരിച്ചുവരാൻ സാധ്യതയുള്ളതായി ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നുമുണ്ട്. വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചവർക്കേ പുറത്തിറങ്ങാൻ പാടുള്ളൂ. അതും മുഖാവരണവും സുരക്ഷാവസ്ത്രങ്ങളും അണിഞ്ഞുമാത്രം.


from mathrubhumi.latestnews.rssfeed https://ift.tt/2VEfYno
via IFTTT